പേജുകള്‍‌

2015, സെപ്റ്റംബർ 14, തിങ്കളാഴ്‌ച

അമ്മയെന്ന എന്റെ മകൾ Part 9



മുൻ ഭാഗങ്ങൾ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
 

അമ്മയെ ഒരു ദിവസം  ഐ.സി.യു.വിൽ കിടത്തി. പിറ്റേന്ന് വൈകീട്ടായപ്പോഴേക്കും റൂമിലേയ്ക്ക് മാറ്റി. ഭക്ഷണം കുറേശ്ശെ കൊടുക്കുന്നുണ്ട്. അതും ദ്രാവകരൂപത്തിൽ. നാലഞ്ച് ദിവസം കഴിഞ്ഞപ്പോൾ വല്യേടത്ത്യമ്മ വന്നു.

 ആശുപത്രി വാസക്കാലത്തിനിടയിൽ നഴ്സ് കുട്ടികളെ അമ്മയ്ക്ക് തുണയാക്കി ഞാൻ വീട്ടിലേയ്ക്കോടും. അമ്മയ്ക്കാവശ്യമുള്ള എല്ലാതും എത്തിച്ച് കൊടുത്തിട്ടാണ്‌ ഈ ഓട്ടങ്ങൾ. സൊസൈറ്റിയിൽ നിന്നും ലോൺ എടുക്കേണ്ട നടപടികൾക്കായി ഓടേണ്ടത് എന്റെ ആവശ്യമായിരുന്നു. കാരണം, വാങ്ങിയ വായ്പകളെല്ലാം തിരിച്ചടയ്ക്കേണ്ട ആവശ്യകത നയപരമായി എന്റെ ചുമതലയിൽ വന്നു ചേർന്നിരുന്നു.

ഏടത്ത്യമ്മ വന്ന ആശ്വാസത്തിൽ അവരെ അമ്മയ്ക്ക് തുണയാക്കി വായ്പാവശ്യങ്ങൾക്കുള്ള രേഖകൾ സംഘടിപ്പിക്കുന്നതിനായി ഞാൻ വീട്ടിൽ പോയി. ഒരു ദിവസത്തെ അന്തം വിട്ട ഉറക്കവും എനിയ്ക്കാവശ്യമായിരുന്നു. സൊസൈറ്റിയിലൊക്കെ പോയി അവരുടെ ഒഴിവുകഴിവുകൾ കേട്ട് വൈകുന്നേരം വീട്ടിൽ എത്തി. സൊസൈറ്റിക്കാർ എപ്പോഴും എന്തെങ്കിലുമൊക്കെ രേഖകൾ ഇല്ല എന്നും പറഞ്ഞ് എന്നെ മടക്കി. പിന്നീട് ആ രേഖകൾ ഒപ്പിക്കാനുള്ള പെടാപ്പാട്. പിറ്റേന്ന് വില്ലേജോഫീസിൽ പോകേണ്ടതുള്ളതുകൊണ്ട്  ആശുപത്രിയിലെത്താൻ സാധിക്കില്ല എന്ന് ഏടത്ത്യമ്മയെ വിളിച്ചു പറഞ്ഞു. ഒറ്റയ്ക്കാ വീട്ടിൽ ഭയമൊന്നുമില്ലാതെ ഞാൻ സുഖമായി ഉറങ്ങി.

പിറ്റേന്ന് വില്ലേജോഫീസും കാര്യങ്ങളുമായി കഴിഞ്ഞു. വീട്ടിൽ വന്ന് കുറച്ച് കഞ്ഞിയുണ്ടാക്കി കഴിച്ചു കിടന്നുറങ്ങി. ആശുപത്രി വിശേഷങ്ങൾ ഏടത്ത്യമ്മ പറഞ്ഞു. അന്ന് രാവിലെ ഡോക്ടർ വന്ന് അമ്മയ്ക്ക് കീഴ്ശ്വാസം വരുന്നുണ്ടോ എന്ന് ശ്രദ്ധിക്കുവാൻ പറഞ്ഞേല്പ്പിച്ചു. ഉച്ചയ്ക്ക് വീട്ടിലെത്തി വിശ്രമിക്കുമ്പോൾ ഏടത്ത്യമ്മ വളരെ ആവേശത്തിൽ വിളിച്ചു പറയുന്നു “ഉണ്ണീ...അമ്മയ്ക്ക് കീഴ്ശ്വാസം വന്നു. അത് പറയാൻ നഴ്സിന്റടുത്തേയ്ക്ക് ഓടിയപ്പോൾ നഴ്സ് വീണു കിടന്ന് ചിരിച്ചു “ഹൊ!! ഒരു കീഴ്ശ്വാസത്തിന്‌ ഇത്രയും വിലയുണ്ടെന്ന് ഇപ്പൊഴാ അറിഞ്ഞേ എന്നും പറഞ്ഞ് ഞാനും ചിരിച്ചു.

കീഴ്ശ്വാസം വന്നുകഴിഞ്ഞാൽ ദോശയോ ഇഡ്ഡലിയോ പോലെ ഖരരൂപത്തിലുള്ള ഭക്ഷണം കുറേശ്ശെ കൊടുക്കാം എന്ന് ഡോക്ടർ പറഞ്ഞിരുന്നു. അത് കേട്ടപ്പോഴേ അമ്മ ഏടത്ത്യമ്മയോട് ചട്ടം കെട്ടി, “എനിയ്ക്ക് ഇഡ്ഡലി വേണം എന്ന്. കീഴ്ശ്വാസത്തിന്റെ അനന്തരഫലമായി അമ്മയ്ക്ക് ഇഡ്ഡലി വാങ്ങിക്കൊടുത്തു ഏടത്ത്യമ്മ. രണ്ട് ഇഡ്ഡലി!! അമ്മയത് ആർത്തിയോടെ കഴിച്ചു തുടങ്ങിയപ്പോഴാണ്‌ ഏടത്ത്യമ്മയ്ക്ക് ബോധോദയം ഉണ്ടായത്. ഇത്രയും ഇഡ്ഡലി അമ്മയ്ക്ക് കൊടുക്കാമോ..? ഉണ്ണിയോടൊന്ന് ചോദിച്ചില്ല. അമ്മയുടെ മുന്നിലേയ്ക്ക് നീക്കി വച്ചിരുന്ന ഇഡ്ഡലി വെച്ച മേശ മാറ്റാതെ ഏടത്ത്യമ്മ നഴ്സിനെ വിളിക്കാനോടി. നഴ്സ് ഓടി വന്ന് ആ മേശ ഭക്ഷണമുൾപ്പെടെ തള്ളിനീക്കാൻ നോക്കുമ്പോഴേയ്ക്കും അമ്മ ആ രണ്ട് ഇഡ്ഡലിയും അകത്താക്കിയിരുന്നു!! ഇതെല്ലാം പിന്നീട് ഏടത്ത്യമ്മ പറഞ്ഞ് അറിവാണെനിയ്ക്ക്.

ഞാൻ വീട്ടിലേയ്ക്ക് പോകുമ്പോൾ ആശുപത്രി അക്കൗണ്ടിംഗ് സെക്ഷനിൽ ഇനി എത്ര തുക കൊടുക്കാനുണ്ട് എന്ന് അന്വേഷിച്ചു. കാരണം 10 ദിവസം കഴിഞ്ഞാൽ ഡിസ്ചാർജ്ജ് ചെയ്യാം എന്ന് ഡോക്ടർ എന്നോട് പറഞ്ഞിരുന്നു. അന്നേയ്ക്ക് 5 ദിവസം കഴിഞ്ഞിരുന്നു.  25000 രൂപയുണ്ടായാൽ മതിയാകും എല്ലാം ചേർത്ത് എന്ന് അവർ അറിയിച്ചു. ആ പണം ഉണ്ടാക്കുക എന്നതും വീട്ടിലേയ്ക്കുള്ള യാത്രയുടെ ലക്ഷ്യമായിരുന്നു. അവസാനമായി എന്റെ കയ്യിൽ ഉണ്ടായിരുന്ന എന്റെ കഴുത്തിൽ കിടന്ന മാലയും പരമാവധി പണയം വെയ്ക്കാതെ മാറ്റി വെച്ച അമ്മയുടെ മാലയും പിന്നെ എന്റെ മോതിരങ്ങളും എല്ലാം ചേർത്ത് 40000 രൂപ പണയത്തിനെടുത്തു. അമ്മയ്ക്ക് തണുത്ത വെള്ളം ആവശ്യമായതിനാൽ ഒരു ഫ്രിഡ്ജ് കൂടെ വാങ്ങുക എന്നത് പദ്ധതിയിൽ ഉണ്ടായിരുന്നു. ബാക്കി പണം മരുന്നിനും മറ്റുമായി ഉപയോഗിക്കാം. ഇനിയാണെങ്കിൽ കൊളോസ്റ്റമി ബാഗിന്റെ ആവശ്യമില്ല. അതിനായിരുന്നു കൂടുതൽ പണം വീട്ടിലെത്തിയാൽ ആവശ്യമായിരുന്നത്.

എത്രയും പെട്ടന്ന് വീട്ടിലേയ്ക്ക് തിരിച്ചെത്താം എന്ന ആശ്വാസത്തിൽ വൈകുന്നേരം ഹോസ്പിറ്റലിലേയ്ക്ക് ഞാൻ ചെന്നു. ഏടത്ത്യമ്മയ്ക്ക് അവരുടെ കുടുംബക്ഷേത്രത്തിൽ മകരച്ചൊവ്വയോടനുബന്ധിച്ച പൂജയിൽ പങ്കെടുക്കുവാൻ മോഹമായതുകൊണ്ട് അവർ അങ്ങോട്ട് പോയി. ഞാൻ അമ്മയുടെ അടുത്ത് കാര്യങ്ങളൊക്കെ പറഞ്ഞിരുന്നു. ഇടയ്ക്കിടെയുള്ള  മയക്കത്തിനും അതിലും കൂടുതലുള്ള ബോധത്തിനുമിടയിൽ അമ്മ അതൊക്കെ കേട്ടിരുന്നു. പിറ്റേന്ന് രാവിലെ ഏടത്ത്യമ്മ തിരിച്ച് ബാംഗ്ലൂരിലേയ്ക്ക് പോകുമെന്നാണ്‌ പറഞ്ഞിരുന്നത്. അതുകൊണ്ട് അവർ ആശുപത്രിയിലേയ്ക്ക് വരില്ല.

അന്ന് രാവിലെ, ഓപ്പറേഷൻ കഴിഞ്ഞ മുറിവ് നോക്കാൻ ഞാൻ തുനിഞ്ഞപ്പോൾ അവിടെയതാ ചെറുതായി ചോരുന്നു. കുറച്ച് പഞ്ഞിയെടുത്ത് ഞാനവിടെ വൃത്തിയാക്കി. പെട്ടന്ന്, അണക്കെട്ട് പൊട്ടുന്നതുപോലെ അവിടം കുത്തിയൊലിച്ച് ഉള്ളിലെ മാലിന്യം പുറത്തേയ്ക്ക്. കുറേ പഞ്ഞിയെടുത്ത് ഞാനവിടെ പൊതിഞ്ഞു പിടിച്ച് നഴ്സിനെ ഉറക്കെ വിളിച്ചു. അവർ ഓടി വന്നു നോക്കുമ്പോൾ കുടൽ യോജിപ്പിച്ച് ഓപ്പറേഷൻ ചെയ്ത ഭാഗത്തുനിന്ന് മാലിന്യം തള്ളിയൊഴുകുന്നു.

ഉടനെ അവർ ഡോക്ടറുമായി ബന്ധപ്പെട്ടു കാര്യം പറഞ്ഞു. അദ്ദേഹം ഓടി വന്നു. പരിശോധനയിൽ മനസിലായി ഇഡ്ഡലി പണി തന്നതാണ്‌. ഖരഭക്ഷണം കുറേശ്ശെ എന്നുദ്ദേശിച്ചത് അര ഇഡ്ഡലിയോ ദോശയോ ഒക്കെയാണ്‌. അതും നന്നായി ഉടച്ചത്. പകരം രണ്ട് ഇഡ്ഡലി അങ്ങനെ തന്നെയാണ്‌ അമ്മ അകത്താക്കിയത്. സാധാരണ, കുറച്ച് വെള്ളം കൊടുക്കണമെങ്കിൽ പോലും എന്നെ വിളിച്ച് ചോദിച്ചിരുന്ന ഏടത്ത്യമ്മയ്ക്ക് അന്ന് അത് വിളിച്ചു ചോദിയ്ക്കുവാൻ തോന്നിയില്ല.

ഇഡ്ഡലി കഴിച്ച് വരുത്തി വെച്ചതാണെന്ന് അറിഞ്ഞ നിമിഷത്തിൽ എന്റെ സർവ നിയന്ത്രണങ്ങളും പോയിരുന്നു. ഞാനും അമ്മയും മുറിയിൽ തനിച്ചായ സമയം ഞാൻ അമ്മയെ വഴക്ക് പറഞ്ഞു. പകുതി പരിഭവവും പകുതി സങ്കടവും നിറഞ്ഞ ശകാരം. “അമ്മയ്ക്കറിയാവുന്നതല്ലേ എന്റെ അവസ്ഥ? പൈസയില്ല എന്നറിഞ്ഞൂടെ? പറ്റാവുന്നിടത്തുന്നൊക്കെ കടം വാങ്ങിയാ ഞാനിതു വരെ എത്തിച്ചത്. മൂന്ന് ദിവസം കഴിഞ്ഞാൽ നമുക്ക് വീട്ടിൽ പോകാമെന്ന ആശ്വാസത്തിലായിരുന്നു ഞാൻ. എന്നെ സഹായിക്കാൻ ഇനിയാരുമില്ല എന്നറിയാവുന്നതല്ലേ? കടം ചോദിക്കാൻ ഇനിയാരുമില്ല.  വല്യേട്ടൻ പറ്റുന്നതൊക്കെ തന്നു. കുഞ്ഞേട്ടന്റെ കാര്യം അമ്മയ്ക്കറിയാവുന്നതല്ലേ? എന്നിട്ടും അമ്മ ഒന്നും ആലോചിക്കാതെ.. എന്നെ കുറിച്ച് കുറച്ചെങ്കിലും ഒരു ചിന്ത അമ്മയ്ക്കുണ്ടായിരുന്നെങ്കിൽ അമ്മ രണ്ട് ദിവസം കൂടെ കാക്കുമറിയാവുന്നതല്ലേ? എന്നിങ്ങനെ. “അത് പിന്നെ രണ്ട് ഇഡ്ഡലിയും എന്റെ മുന്നിൽ കൊണ്ട് വെച്ചപ്പോൾ അതെനിയ്ക്കുള്ളതാന്ന് ഞാൻ കരുതി. അതാ ഞാൻ കഴിച്ചത് എന്ന് അമ്മ സ്വയം ന്യായീകരിക്കാൻ ശ്രമിച്ചു.

“ഏടത്ത്യമ്മ പറഞ്ഞതല്ലേ മുഴുവൻ കഴിക്കല്ലേ അമ്മേ എന്ന്? എന്നിട്ടും അമ്മ അത് വകവെയ്ക്കാതെ കഴിച്ചതല്ലേ?” എന്റെ മുഖത്തേയ്ക്ക് രോഷം ഇരച്ചുകയറി. അതുകണ്ടപ്പോൾ അമ്മ പറഞ്ഞു “നീയൊന്നും പറയാതെ. എനിയ്ക്ക് നിന്നെ കാണുമ്പോൾ പേടിയാകുന്നു  എന്നിട്ടും എന്റെ കോപം ശമിക്കുന്നില്ലായിരുന്നു. പിന്നെയും ഞാൻ എന്തൊക്കെയോ പുലമ്പിക്കൊണ്ടിരുന്നു. അത്രയ്ക്ക് സങ്കടം എന്റെ ഉള്ളിൽ ഇരമ്പുകയായിരുന്നു.

“ചിക്കൻ കഴിച്ച് വയ്യാതായപ്പോൾ ഞാൻ പറഞ്ഞതാ ഇനി എന്നോട് പറയാതെ എന്റെ അനുമതിയില്ലാതെ തന്നിഷ്ടത്തിന്‌ ഒന്നും ചെയ്യരുതെന്ന്. എന്നിട്ടും വരുത്തി വെച്ചിരിക്കുന്നു അടുത്ത വക.“ അങ്ങനെയങ്ങനെ എന്തൊക്കെയോ ഞാൻ...

“എനിയ്ക്ക് പേടിയാകുന്നു അമ്മ ആവർത്തിച്ചുകൊണ്ടേയിരുന്നു. ഞാൻ മുറിയിൽ നിന്നും ഇറങ്ങി പോന്നു താഴെ ഡോക്ടർമാരുടെ മുറികൾക്ക് മുന്നിൽ കാത്തിരിക്കുവാനുള്ള കസേരയിൽ വന്നിരുന്നു. സങ്കടം അടക്കാനാവാതെ കണ്ണുനീർ കുതിച്ചു ചാടുന്നുണ്ടായിരുന്നു. മറ്റുള്ളവരുടെ മുന്നിൽ കരയുന്നത് അഭിമാനക്ഷതമായി കരുതിയിരുന്ന ഞാൻ ചുറ്റുപാടുകൾ ഓർക്കാതെ അവിടെയിരുന്നു കരഞ്ഞു. അതിനിടയിൽ ഫോണിൽ ഏടത്ത്യമ്മയുടെ വിളി.  ആ വിളിയ്ക്ക് മറുപടി പറഞ്ഞാൽ ഒരുപക്ഷേ എന്റെ ദ്വേഷ്യം അവർക്ക് നേരെയും കുതിച്ചു ചാടും എന്നതിനാൽ ഞാൻ ആ കാളുകൾ എടുത്തില്ല.

അന്ന് വൈകിട്ട് അമ്മയെ ഓപ്പറേഷന്‌ കയറ്റും. പൊട്ടിയൊലിയ്ക്കുന്ന മുറിവിന്‌ പരിഹാരമുണ്ടാക്കുവാൻ. “അമ്മയുടെ ആരോഗ്യനില വളരെ മോശമാണ്‌. പക്ഷേ ഇതിന്‌ പരിഹാരമായി അത്യാവശ്യമായി ഓപ്പറേഷൻ ചെയ്യാതെ പറ്റില്ല. നമുക്ക് നോക്കാം. ഈ ഓപ്പറേഷനു ശേഷം ശരിയായില്ല എങ്കിൽ വീണ്ടും ചെയ്യേണ്ടി വരും. പക്ഷേ അത് റിസ്കാണ്‌. 4 ഓപ്പറേഷൻ കഴിഞ്ഞിട്ട് അഞ്ചാമതൊരു ഓപ്പറേഷൻ കൂടി അടുത്ത് തന്നെ താങ്ങുവാനുള്ള ആരോഗ്യം അമ്മയ്ക്കില്ല.” എന്ന് ഡോക്ടർ രാവിലെ പറഞ്ഞിരുന്നു.

എല്ലാ അവസ്ഥയും അറിയാവുന്നതുകൊണ്ട് മനസിന്റെ ആശങ്ക ഉള്ളിലൊതുക്കാൻ സാധിക്കുന്നില്ലായിരുന്നു. സങ്കടവും ആശങ്കയും ദ്വേഷ്യവും എല്ലാം കൂടിക്കലർന്ന അവസ്ഥയിൽ ഹോസ്പിറ്റലിന്റെ വിശാലമായ കാത്തിരുപ്പ് ഹാളിലിരുന്ന് ഞാൻ തനിയെ കരഞ്ഞു. കുറച്ച് കഴിഞ്ഞപ്പോൾ ചുമലിൽ ഒരു സ്പർശം.

ഏടത്ത്യമ്മയാണ്‌. അന്ന് രാവിലെ പോകും എന്ന് പറഞ്ഞെങ്കിലും എന്തുകൊണ്ടോ അവർക്ക് പോകാൻ സാധിച്ചില്ല. ഞാൻ ഫോണെടുക്കാതെയായപ്പോൾ പേടിച്ചോടിവന്നതാണവർ. കുനിഞ്ഞിരുന്നു കരയുകയായിരുന്നു ഞാനപ്പോൾ. അവരെ കണ്ടപ്പോൾ എന്റെ സങ്കടം കൂടി. കരച്ചിലിനിടയിൽ ഞാൻ കാര്യം പറഞ്ഞൊപ്പിച്ചു. അന്നേരം അവരും കരയാൻ തുടങ്ങി. തനിയ്ക്ക് പറ്റിയ കൈപ്പിഴയിലെ കുറ്റബോധമായിരുന്നു അവർക്ക്. അവരോട് റൂമിലേയ്ക്ക് പൊയ്ക്കോളൂ ഞാൻ കുറച്ച് നേരം കൂടി തനിച്ചിരിക്കട്ടെ എന്ന് പറഞ്ഞ് അവരെ പറഞ്ഞയച്ചു.

മനസൊന്ന് ശാന്തമായപ്പോൾ ഞാൻ മുറിയിലേയ്ക്ക് ചെന്നു. അപ്പോഴും അവർ ബൈസ്റ്റാന്റർക്കുള്ള കട്ടിലിരുന്ന് കരയുന്നു. “എന്തൂട്ടാ മോങ്ങാനിരിക്കുന്നേ? വേറെ പണിയൊന്നുമില്ലേ?” എന്ന് ഞാൻ ശബ്ദമുയർത്തി. അവർ പെട്ടന്ന് മുഖമെല്ലാം തുടച്ചു. കൂടുതൽ പറയരുത് എന്ന് ഞാനെന്റെ മനസിനെ നിയന്ത്രിച്ചു. എത്രയൊക്കെയായാലും അവരെന്റെ നാത്തൂനാണ്‌. കൂടുതലൊന്നും നാവിൽ നിന്നും വീഴരുത്. അതുകൊണ്ടുതന്നെ ഞാൻ വീണ്ടും മുറിയിൽ നിന്നും ഇറങ്ങിപ്പോന്നു.

ഏകദേശം അഞ്ച്‌ മണി കഴിഞ്ഞപ്പോൾ അവരെന്നെ തേടിയെത്തി. ഡോക്ടർ അന്വേഷിക്കുന്നു, ഓപ്പറേഷനുള്ള പണമടയ്ക്കണം. പണയം വെച്ചെടുത്ത പണത്തിൽ പാതിയും അങ്ങനെ അവിടെ കൊടുത്തു!! ഞാൻ മുറിയിലേയ്ക്ക് ചെല്ലുമ്പോൾ അമ്മയെ ഓപ്പറേഷനു മുൻപുള്ള പച്ച വസ്ത്രമൊക്കെ ഉടുപ്പിച്ചിരുന്നു.

നഴ്സുമാരും അറ്റൻഡർമാരും ചേർന്ന് അമ്മയെ ട്രോളിയിൽ കിടത്തി. വീണ്ടും അമ്മയെ ഓപ്പറേഷൻ തിയറ്ററിലേയ്ക്ക്‌... ഓപ്പറേഷനെക്കുറിച്ചും അമ്മയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചുമുള്ള മറ്റ് കാര്യങ്ങളുടെ നിജസ്ഥിതി നന്നായി അറിയാവുന്ന ഞാൻ പിടച്ചിലോടെ ട്രോളിയുടെ പിന്നാലെ ചെന്നു. കൂടെ ഏടത്ത്യമ്മയും  സാധാരണ ഓപ്പറേഷൻ തിയറ്ററിൽ പോകുമ്പോൾ എന്റെ കൈ പിടിക്കാറുള്ള അമ്മ അന്ന് എന്റെ പിടയ്ക്കുന്ന മുഖത്തേയ്ക്ക് ഒന്ന് നോക്കുക പോലും ചെയ്യാതെ ഏടത്ത്യമ്മയുടെ കൈ പിടിച്ച് യാത്ര പറഞ്ഞ് പോയി... പെട്ടന്ന് ഞാൻ ആരുമല്ലാത്തവളായതുപോലെ... അറിയാതെ എന്റെ മനസിലേയ്ക്ക് ഒരു അനാഥത്വബോധം കടന്നു വന്നു.

                           (തുടരും...)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ