പേജുകള്‍‌

2015, സെപ്റ്റംബർ 28, തിങ്കളാഴ്‌ച

അമ്മയെന്ന എന്റെ മകൾ അവസാനഭാഗം

മുൻ ഭാഗങ്ങൾ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

http://anaamikam.blogspot.in/2015/09/part-10.html 



ശരീരം നന്നാക്കാൻ പ്രോട്ടീൻ പൗഡർ, ഫ്രൂട്ട്‌ ജ്യൂസ്‌, പഴങ്ങൾ, ബദാം പരിപ്പ്, അണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി, ഈന്തപ്പഴം, പിന്നെ അമ്മയറിയാതെ  നവധാന്യമിട്ട കഞ്ഞി, അമ്മയ്ക്കിഷ്ടപ്പെട്ട വിഭവങ്ങൾ എല്ലാം റേഷനിൽ. ദിവസത്തിൽ പലതവണ. “ഇതൊക്കെ ഇപ്പോഴേ കിട്ടുകയുള്ളൂ കേട്ടോ.. ആരോഗ്യം തിരിച്ചു കിട്ടിക്കഴിഞ്ഞാൽ പിന്നെ ഇതൊക്കെ പടത്തിൽ കാണേണ്ടി വരും” എന്ന് ഞാൻ അമ്മയെ ഓർമ്മപ്പെടുത്തും.

മുൻപൊരിക്കൽ നവധാന്യമിടുന്ന കാര്യം അബദ്ധവശാൽ എന്റെ വായിൽ നിന്നും വീണു പോയതിന്റെ ഫലമായി “എനിയ്ക്കത് വേണ്ടാ എന്ന് വാശി പിടിച്ചിരുന്നു അമ്മ. രക്തമുണ്ടാകാൻ അത് നല്ലതാണെന്ന് പ്രദീപ് എന്നൊരു സുഹൃത്താണ്‌ പറഞ്ഞു തന്നത്. അതോടെ പ്രദീപിനോടും അമ്മയ്ക്ക് കലിപ്പായിരുന്നു. അതിനു ശേഷമാണ്‌ അമ്മയറിയാതെ കഞ്ഞിയിൽ നവധാന്യമിട്ട് കൊടുത്തു തുടങ്ങിയത്. “എന്താണീ കഞ്ഞിയ്ക്ക് ഇത്ര പശിമ?” എന്ന് അമ്മ ചോദിക്കുമ്പോഴൊക്കെ അമ്മയുടെ കണ്ണുകളിൽ നോക്കാതെ “അത് പുതിയ അരിയായതുകൊണ്ടാന്ന് തോന്നുന്നു എന്ന് ഞാൻ ഒഴുക്കൻ മട്ടിൽ മറുപടി നല്കി അവിടെ നിന്നും രക്ഷപ്പെടും.

വീട്ടിൽ കൊണ്ടുവന്നതിനു ശേഷം അമ്മ പൂർവ്വാധികം ശക്തിയോടെ വനിതാമാസികകളിൽ കണ്ട പാചകക്കുറിപ്പുകളെല്ലാം വെട്ടിയെടുത്ത് തരം തിരിച്ച് പുസ്തകമാക്കി തലയണയുടെ സമീപം സൂക്ഷിച്ചു. ഇന്നും അമ്മയ്ക്ക് അന്നത്തെ ആ മനോഭാവം എന്തായിരുന്നു എന്നറിയില്ല. ആശുപത്രിയിലായിരുന്നപ്പോൾ കാണാൻ വരുന്നവരോടും നഴ്സുമാരോടുമൊക്കെ ഭക്ഷണകാര്യങ്ങളെക്കുറിച്ചായിരുന്നു അമ്മ സംസാരിച്ചിരുന്നത്.

“നിങ്ങൾ താറാവ് കറി കഴിച്ചിട്ടുണ്ടോ?” “കരിപ്പിടി കറിയുണ്ടാക്കിയാൽ നല്ല രുചിയാണോ?”  “വീട്ടിൽ ചെന്നിട്ട് എനിയ്ക്കാരോഗ്യം വന്നിട്ട് നമുക്കത് ഉണ്ടാക്കണം കേട്ടോ മോളേ..” അങ്ങനെയങ്ങനെ പോയി അമ്മയുടെ സംഭാഷണങ്ങൾ. ബാക്കിയുള്ള സമയമെല്ലാം ഉറക്കവും.

ഇതിനിടയിൽ എനിയ്ക്കൊരു കല്യാണാലോചന വന്നു. ചെറുക്കനു വേണ്ടി ചെറുക്കന്റെ ഇളയച്ഛന്റെയോ മറ്റോ മകൻ എന്നെ വിളിച്ചു. ഏപ്രിൽ മാസത്തിലായിരുന്നു അത്. ഏട്ടനും കുടുംബവും വന്നിട്ടുണ്ട്. വിളിച്ച വിശേഷങ്ങൾ വളരെ ഗൗരവത്തിൽ ഞാനമ്മയോട് വിശദീകരിച്ചു കൊണ്ടിരുന്നു. എന്റെ മുഖത്തേയ്ക്ക് ശ്രദ്ധാലുവായി നോക്കി കിടക്കുന്ന അമ്മ എനിയ്ക്ക് വിശേഷങ്ങൾ വിശദമാക്കുന്നതിന്‌ ഉൽസാഹം നല്കി. കണ്ണിമ ചലിക്കാതെ എന്നെ നോക്കി കിടന്നിരുന്ന അമ്മ ഒന്നും മിണ്ടുന്നില്ലായിരുന്നു. ഞാൻ പറയുന്നതെല്ലാം അമ്മയോടൊപ്പം അടുക്കളയിൽ നിന്ന് ഏടത്ത്യമ്മയും കേൾക്കുന്നുണ്ടായിരുന്നു. ദീർഘനേരത്തെ എന്റെ വിശദീകരണം “എന്നെ നേരിട്ട് വിളിക്കാൻ ധൈര്യമില്ലാത്ത അയാളെ എനിയ്ക്ക് വേണ്ട എന്ന വാചകത്തോടെ അവസാനിപ്പിച്ച് അമ്മയുടെ അഭിപ്രായം അറിയാനായി ഞാൻ അമ്മയെ ഉറ്റു നോക്കി. ഒരുമിനുട്ട് നേരത്തെ മൗനത്തിനു ശേഷം “എന്റെ മനസിലിപ്പോൾ മാഞ്ഞാലിപ്പുഴയിൽ നിന്നും പിടിച്ച ബ്രാൽ നാളികേരമരച്ച് വെച്ച കറിയാണ്‌ എന്ന് അമ്മ മറുപടി പറഞ്ഞു!!

അമ്മയുടെ മറുപടി കേട്ട് പകച്ചു നിന്ന എന്നെ ഉണർത്തിയത് ഏടത്ത്യമ്മയുടെ പൊട്ടിച്ചിരിയാണ്‌. ഗൗരവകരമായ കാര്യം പറഞ്ഞപ്പോൾ എനിയ്ക്ക് അമ്മയിൽ നിന്നും കിട്ടിയ മറുപടിയിൽ ഞാനും ഏടത്ത്യമ്മയോടൊപ്പം പൊട്ടിച്ചിരിച്ചു. അമ്മ അപ്പോഴേയ്ക്കും അടുത്ത ഉറക്കത്തിലേയ്ക്ക് വീണിരുന്നു. ഇന്നും അമ്മയ്ക്ക് അന്നത്തെ ആ മാനസികാവസ്ഥയെ കുറിച്ച് പറയാൻ ഒന്നുമില്ല. കുളം വറ്റിച്ച് മീൻ പിടിക്കുമ്പോൾ അറിയാതെ പോലും ഞങ്ങൾ എടുക്കാത്ത മീനാണ്‌ കരിപ്പിടി. താറാവ് കറി വീട്ടിൽ വെച്ചിട്ടേയില്ല. അന്ന് അമ്മയ്ക്ക് അതൊക്കെയായിരുന്നു പ്രിയം. അസുഖമെല്ലാം മാറി കഴിഞ്ഞപ്പോൾ അതൊക്കെ ഓർക്കുന്നതേ അമ്മയെ “അയ്യേ..” എന്ന് നാണിപ്പിക്കുന്നു.

ഒരിടയ്ക്ക് അമ്മാവന്റെ വീട്ടിലെ കിണറ്റിലെ വെള്ളമായിരുന്നു അമ്മയുടെ മോഹം. അവർ അത് കുപ്പിയിലാക്കി കൊണ്ടുവന്നിട്ടും തൃപ്തിയായില്ല. ആ കിണറ്റിൽ നിന്നും തുടിച്ച് കോരി കുടിക്കണം എന്നായിരുന്നത്രേ മോഹം. ഇപ്പോൾ ആ മോഹമില്ല. അസുഖകാലത്ത് ഒരുപക്ഷേ ഇങ്ങനെയൊക്കെയായിരിക്കാം എല്ലാവരും അല്ലേ..?

പതിയെ പതിയെ അമ്മയുടെ ആരോഗ്യം മെച്ചപ്പെട്ടു തുടങ്ങി. ശരീരം പുഷ്ടിപ്പെട്ടു തുടങ്ങി. വയറ്റിൽ അധികമായി ഘടിപ്പിച്ചിരുന്ന ട്യൂബ് നീക്കം ചെയ്തു. പതിയെ പതിയെ ഓപ്പറേഷന്റെ മുറിവുകൾ കരിഞ്ഞു തുടങ്ങി. ഇനിയുള്ള കാലത്തേയ്ക്ക് മുഴുവനായി കുറേ വടുക്കൾ മാത്രം ബാക്കിയായി. എന്റെയും ആരോഗ്യം പതുക്കെ മെച്ചപ്പെട്ടു തുടങ്ങി. ഉള്ള പണം കൊണ്ടൊക്കെ കാര്യങ്ങൾ നീക്കാൻ സാധിച്ചു തുടങ്ങി. ഇടയ്ക്കിടെ ചെക്കപ്പിന്‌ പോകുമ്പോൾ അമ്മയുടെ ആരോഗ്യനിലയിൽ ഡോക്ടർക്കും സന്തോഷം. ഡോക്ടറോട് ഇഷ്ടഭക്ഷണം കഴിച്ചോട്ടേ? എന്ന് അമ്മ ചോദിക്കുമ്പോഴൊക്കെ അദ്ദേഹം എന്നെ നോക്കും. എന്നിട്ട് “ഇങ്ങനെ നിർബന്ധിച്ച് ചോദിച്ച് എന്നെക്കൊണ്ട് എന്തെങ്കിലും അനുകൂലമാക്കി പറയിപ്പിച്ച് പിന്നെയും വല്ല പ്രശ്നവും വരുത്തി വെയ്ക്കാനല്ലേ? ഞാൻ മോളോട് പറഞ്ഞോളാം എന്തൊക്കെ തരണമെന്ന് എന്ന്  അമ്മയോട് പറയും. ഇഡ്ഡലി പ്രശ്നത്തിനുശേഷം ഞാൻ ഡോക്ടറോട് സ്വകാര്യമായി പറഞ്ഞിരുന്നു “അമ്മയോട് ഭക്ഷണ കാര്യമൊന്നും പറയണ്ട എന്നോട് പറഞ്ഞാൽ മതി എന്ന്. ആ പ്രശ്നത്തിനു ശേഷം ഡോക്ടർ ശകുന്തളയും “മറ്റുള്ളവരോടൊന്നും ഭക്ഷണകാര്യം പറയണ്ട. മോളോട് പറഞ്ഞാൽ മതി. അവളാകുമ്പോൾ കൃത്യമായി എല്ലാം കൊടുത്തോളും. അവൾ കൊടുക്കുന്ന ഭക്ഷണമെല്ലാം ശരിയായ വിധത്തിലുള്ളതാണ്‌. പേഷ്യന്റിന്റെ ആരോഗ്യത്തിലെ നല്ല മാറ്റം തന്നെ അതാണ്‌ കാണിയ്ക്കുന്നത് എന്ന് അദ്ദേഹത്തോട് പറഞ്ഞിരുന്നു.

അതുകൊണ്ട് അദ്ദേഹം അമ്മയോട് ഒന്നും പറയില്ല. അമ്മ കേൾക്കാതെ അമ്മയ്ക്ക് വേണ്ട ഭക്ഷണങ്ങൾ നിർദ്ദേശിക്കും. അദ്ദേഹത്തിന്റെ കണക്കിൽ ഇത് രണ്ടാമത്തെ വ്യക്തിയാണ്‌ പരലോകത്തിന്റെ പടി വരെ പോയി തിരിച്ചെത്തിയിരിക്കുന്നത്. അതിന്റെ പ്രത്യേക സ്നേഹവും അമ്മയോട് അദ്ദേഹത്തിനുണ്ടായിരുന്നു.  പിന്നീടൊരിക്കൽ അദ്ദേഹത്തോട് സംസാരിച്ചപ്പോഴാണ്‌ “ഇങ്ങനെ വരുന്ന കേസുകളിൽ 10 ഇൽ 5 പേരും മരിക്കാറാണ്‌ പതിവ് എന്ന് അദ്ദേഹം പറഞ്ഞത്. അമ്മയുടെ ആയുസ്സിന്റെ നീളവും എന്റെ പ്രാർത്ഥനയും അതിലുപരി ഡോക്ടറുടെ സമർപ്പണവുമാണ്‌ അമ്മയെ എനിയ്ക്ക് തിരിച്ചു നല്കിയതെന്ന് ഞാൻ വിശ്വസിക്കുന്നു.

ഡോക്ടറോട് അമ്മ എന്നെ കുറിച്ച് പരാതി. “ഇവൾ എനിയ്ക്കൊന്നും തരുന്നില്ല കഴിയ്ക്കാൻ ഡോക്ടറേ...” ഞാൻ കൊടുക്കുന്ന  ഭക്ഷണത്തിലുള്ള റേഷന്റെ  കാര്യമാണ്‌. ഇഷ്ടം പോലെ കിട്ടാത്തതിന്റെ കലി. ഡോക്ടർ എന്നെ നോക്കും. “സാരമില്ല. അത്ര തന്നെ തരാൻ പാടില്ലാത്തതാ. അവളുടെ മനഃസമാധാനത്തിനായിട്ടാ അവൾ അത്ര തന്നെ തരുന്നത്.” അതോടെ അമ്മ ഫ്ലാറ്റ്!

മറ്റൊരിയ്ക്കൽ, “അമ്മയ്ക്ക് കൊടുക്കുന്ന പ്രോട്ടീൻ പൗഡർ ഇയാളും കഴിയ്ക്കുന്നുണ്ടോ?” എന്ന് ഡോക്ടർ എന്നോട് ചോദിച്ചു. അതുവരെ കണ്ടതിനേക്കാളും ഞാനും ഒന്നു പുഷ്ടിപ്പെട്ടിരുന്നു. അതിന്റെ ഫലമാണ്‌. ചോദ്യം കേട്ടപ്പോൾ സത്യത്തിൽ ‘ഞാനും കഴിയ്ക്കണമായിരുന്നോ?’ എന്ന ചിന്തയാണെനിയ്ക്ക് വന്നത്. കണ്ണുകളിൽ ചോദ്യവുമായി ഞാൻ ഡോക്ടറെ നോക്കി. “അല്ല താനും...“ എന്ന് പറഞ്ഞ് അദ്ദേഹം കൈകൊണ്ട് ഞാൻ ‘വണ്ണം വെച്ചു’ എന്ന് ആംഗ്യം കാണിച്ച് പുഞ്ചിരിച്ചു. ഗൗരവക്കാരനായ ഡോക്ടറുടെ കണ്ണുകളിലും മുഖത്തും ആദ്യമായി ഒരു കുസൃതി കണ്ടത് അന്നാ ചോദ്യം ചോദിയ്ക്കുമ്പോഴാണ്‌.

അമ്മയോട് അദ്ദേഹത്തിന്‌ ഒരു വാൽസല്യം പോലെയായിരുന്നു. അമ്മ മുറിയിൽ അവശനിലയിൽ കിടക്കുമ്പോഴും അമ്മയെ കാണാൻ വരുമ്പോഴൊക്കെ അമ്മയുടെ മൂക്കിൻ തുമ്പത്ത് പിടിച്ചിളക്കുകയും തലയിൽ ചുമ്മാ പിരുപിരൂന്ന് ചൊറിയുകയും ചെയ്യും. അമ്മയ്ക്ക് നല്ല ആരോഗ്യം വരുന്നതു വരെയും അത് തുടർന്നു. ഇപ്പോഴും അദ്ദേഹത്തെ കാണാൻ ചെല്ലുമ്പോൾ അദ്ദേഹത്തിന്റെ കൺസൾട്ടിംഗ് മുറിയിലേയ്ക്ക് ഏറ്റവും അവസാനമേ കയറ്റി വിടൂ. കാരണം അമ്മയോട് അദ്ദേഹം എന്തെങ്കിലുമൊക്കെ ചോദിച്ചു കൊണ്ടിരിക്കും ഏറെ നേരം, ശാന്തമായ ഒരു പുഞ്ചിരിയോടെ...

ആദ്യമാദ്യം വീൽ ചെയറിൽ ഇരുന്ന് ഡോക്ടറുടെ മുറിയിൽ പോയിരുന്ന അമ്മയെ പതുക്കെ ഞാൻ നടത്തിക്കൊണ്ടു പോയി. ഡോക്ടറെ കാണുന്നതിനുള്ള ഇടവേളകൾ കുറഞ്ഞ് വന്നു. രണ്ടാഴ്ച എന്നത് ഒരു മാസവും പിന്നീട് രണ്ട് മാസവുമൊക്കെയായി മാറി.

ഡോക്ടറെ കാണൽ ഏകദേശം സമാധാനപരമായ അന്തരീക്ഷത്തിലായപ്പോൾ അദ്ദേഹത്തിന്‌, അദ്ദേഹം എനിയ്ക്ക് ചെയ്ത സാമ്പത്തിക ഔദാര്യങ്ങൾക്ക് ഒരു നന്ദി സൂചകമായി അമ്മ പഠിപ്പിച്ചു തന്ന കരകൗശലവിദ്യയിൽ ആദ്യമായി ഒരു യേശുരൂപം മെനഞ്ഞെടുത്ത് ഡോക്ടർ വർഗ്ഗീസിന്‌ സമ്മാനിച്ചു. ഭംഗിയായി കവർ ചെയ്ത സമ്മാനം “അപ്പോൾ തന്നെ തുറന്നു നോക്കിക്കോട്ടേ?” എന്ന് അദ്ദേഹം ഒരു കുട്ടിയുടെ കൗതുകത്തോടെ ഞങ്ങളോട് ചോദിച്ചപ്പോൾ അദ്ദേഹത്തിന്റെ കണ്ണുകളിലും ഒരു കുട്ടിയെ ഞാൻ കണ്ടു. “ഇത് ഡോക്ടർക്ക് കൊണ്ടുവന്ന സമ്മാനമല്ലേ.. അതുകൊണ്ട് ഡോക്ടർക്കത് എപ്പോൾ വേണമെങ്കിലും തുറന്ന് നോക്കാമല്ലോ.” എന്ന് പറഞ്ഞ് ഞാൻ തന്നെ അതെല്ലാം തുറന്ന് അദ്ദേഹത്തിനു കാണിച്ചു കൊടുത്തു. “ഡോക്ടർ ഇല്ലായിരുന്നെങ്കിൽ എനിയ്ക്കെന്റെ അമ്മയെ കിട്ടുകയില്ലായിരുന്നു എന്ന് പറയുമ്പോൾ എന്തുകൊണ്ടോ എന്റെ കണ്ണുകളിൽ ഈറൻ പൊടിഞ്ഞു.

“എന്റെ കഴിവൊന്നുമല്ല. എല്ലാം ഈ ആളുടെ കഴിവാണ്‌ എന്ന് സമ്മാനത്തിലെ യേശുചിത്രത്തെ ചൂണ്ടി അദ്ദേഹം പറഞ്ഞു. യുക്തിവാദികൾ ഏറിവരുന്ന ഈ ലോകത്തിൽ എന്തുകൊണ്ടോ ഇന്നുവരെയും യുക്തിവാദിയായ ഒരു ഡോക്ടറേയും ഞാൻ കണ്ടിട്ടില്ല. ഒരുപക്ഷേ ഞാൻ കണ്ടുമുട്ടാത്തതായിരിക്കാം...

ഇപ്പോൾ വല്ലാതെ നെഗളിക്കുമ്പോൾ ഞാൻ അമ്മയോട് കൈകളാൽ ആംഗ്യം കാണിച്ച് “ഇത്രയായിരിക്കുമ്പോൾ കിട്ടിയതാ എനിയ്ക്ക്. നോക്കി പരിപാലിച്ച് ഇപ്പോ എന്നോട് നെഗളിക്കാൻ പാകത്തിനായി!! അമ്മയുടെ പുനർജന്മത്തിൽ ഞാനാണ്‌ അമ്മയുടെ അമ്മ. അതോർമ്മ വേണം എന്ന് പറയും. ഏതെങ്കിലും ഫംഗ്ഷന്‌ എല്ലാരുടെയും മുന്നിൽ വെച്ച് എന്നെ “അമ്മേ...” എന്ന് വിളിക്കും എന്ന് പറഞ്ഞിരിക്കുകയാണ്‌ എന്റെ കുറുമ്പി അമ്മ!! ഒരേ സമയം അമ്മയുടെ മകളാകുവാനും അമ്മയാകുവാനും എല്ലാവർക്കും ഭാഗ്യം കിട്ടില്ലല്ലോ... അല്ലേ?

വായ്പയ്ക്ക് വേണ്ടിയുള്ള എന്റെ അലച്ചിൽ പിന്നെയും കുറേ നാളുകൾ വേണ്ടി വന്നു. ഒടുവിൽ ദീപൻ ചേട്ടന്റെ ഇടപെടലോടെ (കോപ്പറേറ്റിവ് സൊസൈറ്റിയുമായി ബന്ധപ്പെട്ട വകുപ്പിൽ അസിസ്റ്റന്റ് രജിസ്ട്രാർ ആണ്‌ അദ്ദേഹം) വായ്പ ശരിയായി.  വാങ്ങിയ കടങ്ങളെല്ലാം കൊടുത്തു തീർത്തു. കൂട്ടത്തിൽ ഇൻകം ടാക്സിൽ നിന്നും റീഫണ്ടായി കിട്ടിയ തുകയും കടം വീട്ടാനായി ഉപയോഗിച്ചു. ഇനിയും കൊടുത്ത് തീർക്കാൻ 15000 രൂപയോളമുണ്ട്. പലരിൽ നിന്നും വാങ്ങിയ ചെറുതുകകൾ ചേർന്നത്. ബിസിനസ്സ് പാടെ തകർന്നു. ഒരു വർഷത്തെ വിട്ടുനില്ക്കൽ അതിനു മൂലകാരണമായി. എന്നിരുന്നാലും സങ്കടമില്ല. അമ്മയെ തിരിച്ചു കിട്ടിയല്ലോ... ബിസിനസും പണവുമെല്ലാം ഇനിയും ഉണ്ടാകും. അമ്മ കൈ വിട്ടു പോയാൽ ഇനിയും ഉണ്ടാക്കുവാൻ സാധ്യമല്ലല്ലോ... പതുക്കെ പതുക്കെ എല്ലാം തിരിച്ചു വരുമെന്ന് വിശ്വസിക്കുന്നു. കണ്ണിക്കണ്ടോണം ധൂർത്തടിച്ചതല്ലല്ലോ.. അമ്മയ്ക്ക് വേണ്ടിയല്ലേ.. ദൈവം കൂടെയുണ്ടാകും. എനിയ്ക്ക് വിശ്വാസമുണ്ട്.

അമ്മയ്ക്ക് വയ്യാതിരിക്കുന്നു എന്ന തോന്നലിൽ നാട്ടിൽ ചെന്ന് കയറിയ 2013 നവംബർ ഒന്നിനു ശേഷം അമ്മയുടെ അസുഖമെല്ലാം പൂർണ്ണമായി മാറി ഞാൻ സ്ഥിരമായി വീണ്ടും ബാംഗ്ലൂരിലേയ്ക്ക് 2014 നവംബർ ഒന്നിനു തിരിച്ചെത്തി. ഇക്കഴിഞ്ഞ രണ്ട് തവണയും അമ്മ തനിയെ ഡോക്ടറെ കാണാൻ പോയി. ആദ്യത്തെ തവണ തനിച്ച് ചെന്നപ്പോൾ അവിടെയുണ്ടായിരുന്ന, അമ്മയേയും എന്നെയും മറക്കാത്ത ഓഫീസ് ജീവനക്കാർ അമ്മയുടെ അടുത്തേയ്ക്ക് “ഇതാരാ വന്നിരിക്കുന്നത്?” എന്ന അതിശയോക്തികളോടെ ഓടി വന്നെന്ന് പറഞ്ഞു അമ്മ.

ഇപ്പോൾ അമ്മ നാട്ടിൽ ഒറ്റയ്ക്കാണ്‌. എന്റെ കൂടെ വരാൻ വിളിച്ചപ്പോൾ “എനിയ്ക്ക് ആരോഗ്യമുള്ളിടത്തോളം ഞാനിവിടെ താമസിച്ചോളാം. എന്നെക്കുറിച്ച് നീ വേവലാതിപ്പെടണ്ട. എനിയ്ക്ക് വയ്യാതാകുമ്പോൾ നീ എന്നെ അവിടെ കൊണ്ടിട്ടോ എന്ന് അമ്മ തീർത്തും പറഞ്ഞു. ഞാൻ സങ്കടവും പരിഭവവുമെടുത്താൽ അമ്മ എന്റെ കൂടെ വരും എന്നെനിയ്ക്കുറപ്പാണ്‌. പക്ഷേ മുറ്റത്തും തൊടിയിലും നടന്ന് ശീലിച്ച അമ്മയ്ക്ക് ഇവിടത്തെ ഒന്നും ചെയ്യാനില്ലാത്ത ജീവിതം മടുപ്പും അസുഖവും വരുത്തിവെയ്പ്പിച്ച് അവശനിലയിലേയ്ക്കെത്തിക്കും എന്നറിയാവുന്നതുകൊണ്ട് ഞാൻ അമ്മയെ നിർബന്ധിക്കാറില്ല. വയസായവർക്ക് ചില ശീലങ്ങളുണ്ട്. നമ്മുടെ സന്തോഷത്തിനു വെണ്ടി അതെല്ലാം മാറ്റി നിർത്തി നിർബന്ധിച്ചുകൊണ്ടുവന്നാൽ അത് അവരുടെ മരണം വേഗത്തിൽ വിളിച്ചു വരുത്തുന്നതു പോലെയാകും എന്നെനിയ്ക്ക് തോന്നുന്നു. അമ്മയുടെ സന്തോഷം ഞാൻ അമ്മയ്ക്ക് തന്നെ വിട്ടുകൊടുത്തിരിക്കുന്നു. ഇടയ്ക്കിടെ സാധിക്കുമ്പോഴൊക്കെയും ഞാനമ്മയുടെ അടുത്ത് പോയി നില്ക്കും.

ഇത്രയും വലിയ ഒരു വൈതരണി താണ്ടിയതിന്റെ ക്ഷീണം ഇടയ്ക്കിടെ ഉണ്ടാകുന്നുണ്ടെങ്കിലും അമ്മയിപ്പോൾ സജീവമാണ്‌. സാരി പെയിന്റിംഗും വായനയും പൂന്തോട്ട പരിപാലനവുമൊക്കെയായി അമ്മ സമയം നീക്കുന്നു. എന്റെ പ്രശ്നങ്ങളൊക്കെ അവസാനിക്കും എന്ന ശുഭാപ്തിവിശ്വാസത്തിൽ കരകയറാനുള്ള ശ്രമങ്ങളുമായി ഞാൻ ഇവിടെ ബാംഗ്ലൂരിലും നില്ക്കുന്നു.

അക്കഴിഞ്ഞ ഒരു കൊല്ലത്തിനിടയിൽ നന്ദി പറയാൻ ഒരുപാട് പേരുണ്ട്. ഒട്ടും ദുർമുഖം കാണിക്കാതെ അമ്മയെ പരിപാലിച്ച നഴ്സുമാർ, അമ്മയുടെ രോഗാവസ്ഥയിൽ ആശങ്കപൂണ്ട ഡോക്ടർമാർ, ഒറ്റപ്പെട്ട് നില്ക്കുന്ന എന്നെ ആശ്വസിപ്പിക്കാൻ വന്നിരുന്ന ഹോസ്പിറ്റലിലെ ക്ലാസ് ഫോർ ജീവനക്കാർ, തിരിച്ച് ലഭിക്കണമെന്നോ യാതൊരു വിധ മുൻപരിചയമോ ഇല്ലാതെ വലുതും ചെറുതുമായ തുകകളായി സാമ്പത്തിക സഹായം നല്കിയ സുഹൃത്തുക്കളും ബന്ധുക്കളും, എവിടെയൊക്കെയോ ഇരുന്ന് എന്റെ അമ്മയുടെ ജീവനു വേണ്ടി പ്രാർത്ഥിച്ച ഞാൻ കാണാത്ത എന്റെ സുഹൃത്തുക്കൾ, എന്റെ ബന്ധുക്കൾ,  എന്റെ അമ്മയുടെ വയറ്റിൽ ജനിച്ചില്ലെങ്കിലും കർമ്മം കൊണ്ട് എന്റേതായിത്തീർന്ന എനിയ്ക്ക് പ്രിയപ്പെട്ട എന്റെ കുഞ്ഞനിയൻ മുത്തു, ദീപൻ ചേട്ടൻ, സുരച്ചേട്ടൻ, സുജ ചേച്ചി, സുമ ചേച്ചി, സ്വന്തം ചേച്ചിയായ സുമച്ചേച്ചി, ഉണ്ണിക്കുട്ടൻ, പൊന്നുച്ചേട്ടൻ, ദിവ്യ, ജ്യോതി, രാജു, ശരത്ത്, വസന്താച്ച, സജിത ചെറ്യമ്മ, ഹരിയേട്ടൻ, വസുധേച്ചി, ശോഭ, അജയൻ മാഷ്, സുലജ ടീച്ചർ, ജയൻ ചേട്ടൻ അങ്ങനെ എനിയ്ക്ക് പേരുകൾ ഓർത്തെടുക്കാവുന്നവരും അല്ലാത്തവരുമായ ഒരുപാടുപേർ...



    ******************************************************************************************************* 

മനസിൽ ഇതെല്ലാം ഒഴിഞ്ഞു പോകാതെ തിക്കിത്തിരക്കി വന്നിരുന്നത് കൊണ്ടാണ്‌ എല്ലാം എഴുതിവെയ്ക്കാം എന്ന് കരുതിയത്. എഴുതാനിരുന്നപ്പോഴാകട്ടെ, പലപ്പോഴും സങ്കടം കൊണ്ട് അക്ഷരങ്ങൾ കാണാനാകാതെ.., തൊണ്ടക്കുഴിയിൽ തങ്ങിനിന്ന വിങ്ങൽ കൊണ്ട് ഉമിനീരിറക്കാനാകാതെ എത്രയോ തവണ... ഇപ്പോൾ എല്ലാം എഴുതിത്തീർന്നപ്പോൾ മനസിന്‌ വല്ലാത്ത ആശ്വാസം. ഓർമ്മകളിൽ എഴുതാതെ പോയത് ഇനിയും ഏറെയുണ്ട്. പക്ഷേ സാരമില്ല. കുറേയേറെ എഴുതി. വിട്ടുപോയതെല്ലാം പോകട്ടെ... 

ഭാഷയിൽ ഒരുപാട് പോരായ്മകളുണ്ട്. അതൊന്നും ഒരു പോരായ്മയായെടുക്കാതെ,  അതേ കുറിച്ച് ഒന്നു കുറ്റപ്പെടുത്തുക പോലും ചെയ്യാതെ, അതെല്ലാം അവഗണിച്ച്, ക്ഷമയോടെ, ഞാൻ നടന്നു പോയ എന്റെ സഞ്ചാരപഥങ്ങളിലൂടെ ഒപ്പം സഞ്ചരിച്ച്, ഒരു ഭാഗവും ഒഴിവാക്കാതെ വായിയ്ക്കുകയും അഭിപ്രായം പറയുകയും ചെയ്ത എല്ലാവർക്കും അകമഴിഞ്ഞ നന്ദി. അത്രയല്ലേ പറയാനൊക്കൂ... അത് ഹൃദയത്തിൽ നിന്നും പറയുന്നു...
 

 

ശുഭം
 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ