പേജുകള്‍‌

2015, ജനുവരി 16, വെള്ളിയാഴ്‌ച

തെറ്റിദ്ധാരണകൾ...

നാല് വർഷം മുൻപ്, ഞാൻ താമസിച്ചിരുന്നത് ഒരു 10 x 10 ചതുരശ്രയടി വലുപ്പമുള്ള, ടോയ്ലറ്റ് അറ്റാച്ച്ഡ് ആയ ഒരു ഒറ്റമുറിയിലായിരുന്നു. അതിനുള്ളിൽ ഒരു സിംഗിൾ കോട്ടും ഗ്യാസ് സ്റ്റൗ വയ്ക്കുവാൻ ഒരു മേശയും കമ്പ്യൂട്ടർ കം ടി.വി. വയ്ക്കുവാൻ മറ്റൊരു മേശയും പിന്നെ ഒരു ഫ്രിഡ്ജും ഉണ്ടായിരുന്നു. വെപ്പും കുടിയും ഊണും ഉറക്കവും വരയും എഴുത്തും എല്ലാം ആ ഒറ്റമുറിയിൽ തന്നെ. കാവലിനായി ഒരു നായക്കുട്ടിയും ഉണ്ടായിരുന്നു, കൂബി. അവനെ കുറിച്ച് ഞാൻ മുൻപോസ്റ്റിൽ എഴുതിയിട്ടുണ്ട്. നേരെ വന്ന് നിന്നാൽ വാതിൽ മറഞ്ഞ് അവന് നിൽക്കാൻ പാകത്തിൽ ആയിരുന്നു അവനെ വരാന്തയിൽ കെട്ടിയിട്ടിരുന്നത്. എന്റെയോ അവന്റെയോ അനുവാദമില്ലാതെ ആർക്കും ആ ഒറ്റമുറിയിൽ പ്രവേശിക്കുവാൻ സാധ്യമല്ല.




എന്റെ സഹപ്രവർത്തകനായിരുന്ന ഒരു സുഹൃത്ത് കുറേ വർഷത്തെ ഇടവേളയ്ക്ക് ശേഷം എന്നെ കാണുവാനായി ആ ഒറ്റമുറിയിലേയ്ക്ക് വന്നു. അയാളെ കണ്ടപ്പോൾ കൂബി ഉഷാറായി ഒന്ന് മുരണ്ടു. അതുകൊണ്ടുതന്നെ സുഹൃത്തിന് മുറിയിലേയ്ക്ക് പ്രവേശിയ്ക്കുവാനായി കൂബിയെ ഞാൻ ചങ്ങലയിൽ പിടിച്ച് ഒതുക്കി നിർത്തി. സുഹൃത്തിന് ചായയൊക്കെ ഉണ്ടാക്കി കൊടുത്ത് ഞങ്ങൾ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ ജാഗരൂകനായി കൂബി വാതിൽക്കൽ തന്നെ ഉറക്കം നടിച്ച് കിടപ്പുണ്ടായിരുന്നു. ഇവിടെ നിന്നുയരുന്ന ഓരോ ശബ്ദത്തിനും അവന്റെ ചെവിയുടെ ചലനങ്ങളിൽ നിന്ന് ഞാൻ മനസിലാക്കുന്നുണ്ടായിരുന്നു ഉറക്കം നടിച്ച് കിടപ്പാണെങ്കിലും അവന്റെ ശ്രദ്ധ അകത്തേയ്ക്കാണെന്ന്. അല്പസമയത്തെ കുശലാന്വേഷണത്തിനു ശേഷം സുഹൃത്ത് പോകാൻ തയ്യാറായി. കൂബി വീണ്ടും ഉഷാറായി ഒന്നു മുരണ്ടു. സുഹൃത്തിന് പുറത്ത് കടക്കാനായി ഞാൻ വീണ്ടും കൂബിയെ ഒതുക്കി നിർത്തി. ആശ്വാസത്തോടെ സുഹൃത്ത് പുറത്ത് കടന്ന് യാത്ര പറഞ്ഞ് ഇറങ്ങി. കൂടെ ഞാനും ഇറങ്ങി, ബസ് സ്റ്റോപ്പ് വരെ കൊണ്ടുചെന്നാക്കാനായി. ഒന്ന് ഒന്നര കിലോമീറ്ററോളം നടക്കാനുണ്ട് ബസ് സ്റ്റോപ്പിലേയ്ക്ക്. ആ നടപ്പിൽ അയാൾ എന്നോട് പറഞ്ഞു; "നിന്നെ കണ്ടപ്പോൾ നിന്നെ പൂണ്ടടക്കം കെട്ടിപ്പിടിയ്ക്കുവാനും ഉമ്മ വെയ്ക്കുവാനും  എനിയ്ക്ക് തോന്നി. ഞാൻ അങ്ങനെ ചെയ്തിരുന്നെങ്കിൽ നീയത് ആസ്വദിക്കുകയും എന്നെ എന്തിനും അനുവദിയ്ക്കുകയും ചെയ്യുമായിരുന്നില്ലേ...? പിന്നെ വാതിൽക്കൽ കിടക്കുന്ന ആ പട്ടിയെ പേടിച്ചാ ഞാൻ നിന്നെ ഒന്നും ചെയ്യാഞ്ഞത്."

"നന്നായി നീയങ്ങനെ ചെയ്യാഞ്ഞത്. അങ്ങനെ വല്ല ദുർബുദ്ധിയും നിനക്ക് തോന്നിയിരുന്നെങ്കിൽ എന്റെ കയ്യിന്റെ ചൂട് നിന്റെ കവിളത്തും കൂട്ടത്തിൽ കൂബിയുടെ കടിയും നിനക്ക്  സമ്മാനമായി ഉറപ്പായും കിട്ടിയേനെ" എന്ന് ഞാൻ മറുപടി പറഞ്ഞു.

ഒരു വർഷം മുൻപ്, ഫോണിലൂടെ മാത്രം പരിചയമുള്ള ഒരു സുഹൃത്ത്, എന്റെ അമ്മയ്ക്ക് വയ്യാതെ ഞാൻ നാട്ടിലായിരുന്ന സമയം എന്നേയും കൂട്ടത്തിൽ എന്റെ അമ്മയേയും കാണുവാനായി എന്റെ വീട്ടിൽ വന്നു. അയാളുടെ കൂട്ടുകാരനും ഉണ്ടായിരുന്നു ഒപ്പം. കുറച്ച് നേരം അമ്മയുമായി സംസാരിച്ചിരുന്നതിനുശേഷം വിൽക്കാനുണ്ടെന്ന് എപ്പോഴോ ഞാനയാളോട് പറഞ്ഞ ഞങ്ങളുടെ പറമ്പ് കാണാൻ അയാൾ എന്റെയൊപ്പം പുറത്തേയ്ക്കിറങ്ങി. കൂട്ടുകാരൻ അപ്പോഴും അമ്മയുടെ കൂടെ തന്നെ ഇരുന്നു. സ്ഥലമൊക്കെ ചുമ്മാ നടന്ന് കണ്ട് ഞങ്ങൾ തിരിച്ചെത്തി. പിന്നെയും കുറച്ച് നേരം കൂടിയിരുന്ന് സംസാരിച്ച് അവർ യാത്ര പറഞ്ഞിറങ്ങി. പിന്നീട് ഫോൺ വിളിച്ചപ്പോൾ അയാൾ എന്നോട് പറഞ്ഞു, "നിന്റെ വീടിന്റെ തെക്കേപ്പുറത്ത് വെച്ച് (അവിടം കുറച്ച് വിജനമായ സ്ഥലമാണ്)  നിന്നെ ഒറ്റയ്ക്ക് കിട്ടിയപ്പോ എനിയ്ക്ക് നിന്റെ ചുണ്ടുകളിൽ ചുംബിയ്ക്കുവാൻ തോന്നിയിരുന്നു. പിന്നെ കൂട്ടുകാരനേയും കൂട്ടി വന്നതോണ്ട് ഞാനത് ചെയ്യാഞ്ഞതാ... പക്ഷേ അന്ന് ഞാനത് ചെയ്തിരുന്നെങ്കിൽ നീയത് ആസ്വദിയ്ക്കുമായിരുന്നു എന്ന് എനിയ്ക്കുറപ്പുണ്ട്."

പഴയ സുഹൃത്തിനോട് പറഞ്ഞ ഉത്തരമേ എനിയ്ക്കിയാളോടും പറയാനുണ്ടായിരുന്നുള്ളൂ... കൂബിയുടെ കൂട്ടില്ലാതെ. "എങ്കിൽ എന്റെ കയ്യിന്റെ ചൂട് നീയറിയുകയും ചെയ്യും ഇവിടൊരു സീൻ ഉണ്ടാവുകയും ചെയ്യുമാരുന്നു നീ എന്നെ അങ്ങിനെ ചെയ്തിരുന്നെങ്കിൽ" എന്ന്. പിന്നീട് പലപ്പോഴും അയാൾ ഫോണിലൂടെ അത് ആവർത്തിച്ചപ്പോഴൊക്കെ ഇതേ മറുപടി തന്നെ ഞാനും ആവർത്തിച്ചു കൊണ്ടിരുന്നു. 'ഇയാളെന്നെ കുറിച്ച് എന്താ കരുതി വെച്ചിരിക്കുന്നെ എന്ന് എനിയ്ക്ക് മനസിലാകുന്നില്ല. പക്ഷേ ഇയാൾ എന്റെ സങ്കല്പത്തിലുള്ള പുരുഷനേയല്ല. എന്റെ മനസിലെ പുരുഷന്റെ ഏഴയലത്ത് പോലും ഇയാൾ വരില്ല' എന്ന്  അയാളത്  പിന്നെയും ആവർത്തിച്ചപ്പോൾ നിവൃത്തികെട്ട് പറയേണ്ടി വന്നു എനിയ്ക്ക്. പിന്നീടത് അയാൾ ആവർത്തിച്ചിട്ടില്ല.

എനിയ്ക്ക് മനസിലാകാത്തത്, ഇത്തരക്കാരൊക്കെ എന്താണാവോ അവരവരെ കുറിച്ചും ഒറ്റയ്ക്ക് ജീവിയ്ക്കുന്ന സ്ത്രീകളെ കുറിച്ചും ചിന്തിച്ച് വെച്ചിരിക്കുന്നത്  എന്നാ... ആരെങ്കിലും ഒന്ന് വന്ന് കെട്ടിപ്പിടിയ്ക്കുകയോ ഉമ്മ വയ്ക്കുകയോ ചെയ്യാൻ ശ്രമിച്ചാൽ കാമപരവശയായി അവരുടെ ഇംഗിതത്തിന് വഴങ്ങുമെന്നോ??!! ഒറ്റയ്ക്ക് ജീവിക്കുന്ന സ്ത്രീകൾ തങ്ങളുടെ കാമനകളെ അടക്കി നിർത്താനാവാതെ ഏതെങ്കിലും ഒരു പുരുഷൻ ഒന്നിങ്ങ് വന്നാൽ മതി, തൊട്ടാൽ മതി എന്ന് മോഹിച്ചു നടക്കുകയാണെന്നോ? അതോ അങ്ങിനെയുള്ളവരെ മാത്രമേ അവർ കണ്ടിരിക്കുകയുള്ളോ? എങ്കിൽ ഇത്തരം പുരുഷന്മാർ അവരവരെ കുറിച്ച് മനസിലാക്കിയിട്ടില്ല എന്നേ കരുതാനാവൂ. ഏതൊരു പെണ്ണിനെയും പ്രലോഭിപ്പിച്ച് വശംവദരാക്കാനുള്ളത്ര ആകാര ഭംഗിയും പുരുഷ സൗന്ദര്യവും തങ്ങൾക്കുണ്ടെന്നായിരിക്കാം ഇത്തരം പുരുഷപ്രജകൾ സ്വയം വിശ്വസിച്ച് ധരിച്ച് വശായിരിക്കുന്നതെന്ന് തോന്നുന്നു!! ഇവരൊന്നും ഒരുകാര്യം മനസിലാക്കുന്നില്ല. ഒരു പെണ്ണ് ഒരു പുരുഷന് സ്വമേധയാ വഴങ്ങണമെങ്കിൽ ആ പുരുഷനോട് അത്തരം ഇഷ്ടം അവർക്ക് ഉള്ളിന്റെ ഉള്ളിൽ ഒരു നുള്ളെങ്കിലും വേണം എന്ന്. ഇത്തരക്കാർക്ക് അവനവനെ കുറിച്ചും മറ്റുള്ളവരെ കുറിച്ചുമുള്ള തെറ്റിദ്ധാരണകൾ! അത് മാറ്റിയെടുക്കുവാൻ അവരവർ തന്നെ സ്വയം മുന്നിട്ടിറങ്ങണം എന്നല്ലാതെ എന്ത് പറയുവാൻ??!!

എല്ലാ പുരുഷന്മാരും ഇത്തരക്കാരെ പോലെയാണെന്ന് കരുതുന്നില്ല. ചിലർ.., വളരെ ചിലർ മാത്രം. എത്രയോ പുരുഷ സുഹൃത്തുക്കൾ എനിയ്ക്കുണ്ട്. മിക്കവരും വളരെ മാന്യമായ പ്രവൃത്തിയും സംസാരവും പെരുമാറ്റവും ഉള്ളവർ. പക്ഷേ ഇങ്ങിനെ ചിലർ മാത്രം ഈ ഭൂരിപക്ഷത്തിന് അപവാദമായി...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ