പേജുകള്‍‌

2013, സെപ്റ്റംബർ 2, തിങ്കളാഴ്‌ച

പൂൂഹ്ഹ്ഹ.. പൂൂഹ്ഹ്ഹ... എന്ന് കരയുന്ന പക്ഷി


ഫോട്ടോ കടപ്പാട്: മലയാളം വിക്കിപീഡിയ

പൂൂഹ്ഹ്ഹ.. പൂൂഹ്ഹ്ഹ... എന്ന് കരയുന്ന ഒരു പക്ഷിയുണ്ട്. അതിന്റെ പേരെന്താണെന്നൊന്നും അറിയില്ല. രാത്രികാലങ്ങളിൽ അതിങ്ങനെ കരഞ്ഞുകൊണ്ട് പറന്ന് പോകും.

കുത്തിച്ചൂടാൻ എന്നോ കാലൻ കോഴിയെന്നോ ഒക്കെ അതിനെ വിളിയ്ക്കുമെന്ന് തോന്നുന്നു. അതിന്റെ കരച്ചിൽ മരണം വിളിച്ചുവരുത്തുന്നു എന്നാണ് വിശ്വാസം. അർദ്ധരാത്രിയ്ക്ക് ശേഷമായിരിക്കും മിക്കവാറും അതിങ്ങനെ ഭയപ്പെടുത്തുന്ന വിധത്തിൽ കരഞ്ഞുകൊണ്ട് പറന്ന് പോകുക. 

കുട്ടിയായിരുന്ന നാളുകളിൽ പല രാത്രികളിലും ഗാഢമായ ഉറക്കത്തിൽ നിന്ന് ആ പക്ഷിയുടെ പൂൂഹ്ഹ്ഹ ശബ്ദം കേട്ട് ഭയന്ന് കണ്ണ് മിഴിയ്ക്കുമ്പോൾ, ദ്വാരങ്ങൾ വീണ് സുതാര്യമായ ഓലപ്പുരയുടെ മുകളിലൂടെ ഒരു വലിയ പക്ഷിയുടെ അവ്യക്തമായ രൂപം കാണാറുണ്ടായിരുന്നു. മനസിൽ ഉയർന്നുയർന്ന് വരുന്ന ഭയത്തെ അടക്കി അമ്മയെ പൂണ്ടടക്കം കെട്ടിപ്പിടിച്ച് കണ്ണടച്ച് കിടക്കും.

എന്തുകൊണ്ടെന്താണെന്നറിയില്ല, പിറ്റേന്ന് അടുത്തെവിടെയെങ്കിലും ഒരു മരണം നടന്നിട്ടുണ്ടായിരിക്കും. വിശ്വാസമാണോ അന്ധവിശ്വാസമാണോ എന്നറിയില്ല എങ്കിലും അന്നൊക്കെ അതിന്റെ ആ കരച്ചിൽ വളരെയധികം ഭയപ്പെടുത്തുമായിരുന്നു. മരണം വിളിച്ചുവരുത്തുന്ന പക്ഷി എന്ന ഭയം...

ഇപ്പോൾ.., ആ പക്ഷിയെ ഒന്ന് കാണണമെന്നും ആ കരച്ചിൽ കേൾക്കണമെന്നും ആഗ്രഹിയ്ക്കാറുണ്ട്. പക്ഷേ വളരെയധികം വർഷങ്ങളായി അതിന്റെ കരച്ചിൽ കേൾക്കാറില്ല. ഞങ്ങളുടെ വീട്ട്പറമ്പിലെ ആഞ്ഞിലിയിന്മേലായിരുന്നു പണ്ട് അത് താമസിച്ചിരുന്നത്. അതിനെ ഓടിച്ചു കളയുവാൻ പലരും അന്ന് ശ്രമിച്ചു എങ്കിലും അത് അവിടം വിട്ട് പോകാൻ തയ്യാറായില്ലായിരുന്നു.

പക്ഷേ ഇപ്പോൾ അത് അവിടെ ഇല്ല. ചത്ത് പോയിരിക്കാം ഒരുപക്ഷേ. അതല്ല എങ്കിൽ അതിനെ ആർക്കും പേടിയില്ല എന്ന് മനസിലാക്കി പറന്ന് പോയിരിക്കാം മറ്റെവിടേയ്ക്കെങ്കിലും.

എങ്കിലും, കുഞ്ഞുനാളുകളിൽ ഒരുപാട് ഭയപ്പെടുത്തിയ ആ ശബ്ദം ഒരിക്കൽ കൂടി കേൾക്കുവാൻ തോന്നുന്നു... വെറുതെ...

2 അഭിപ്രായങ്ങൾ:

  1. ഞാൻ ഇപ്പോളും കേൾക്കാറുണ്ട്.വീടിന്റെ പിന്നിലെ കാട്ടിൽ നിന്നും കിളിയുടെ കരച്ചിൽ കേൾക്കാം.സന്ധ്യാസമയത്തും കരച്ചിൽ കേൾക്കാം.പക്ക്ഷേ ഇത് വരെ കണ്ടിട്ടില്യ. അമ്മ പറയും വലിയ ചിറകുള്ള ചെറിയ പക്ഷിയാണ് എന്നു. കരച്ചിൽ കേൾക്കുമ്പോൾ പേടിയാകും ഇപ്പോളും...

    മറുപടിഇല്ലാതാക്കൂ
  2. അജ്ഞാതന്‍2022, നവംബർ 17 10:14 PM

    ഞാൻ ഇപ്പൊ ഇത് നോക്കികൊണ്ട് ഇരിക്കുമ്പോൾ കേട്ടു ഇതിന്റെ വിളി

    മറുപടിഇല്ലാതാക്കൂ