പേജുകള്‍‌

2013, ജൂലൈ 11, വ്യാഴാഴ്‌ച

അപഥസഞ്ചാരികളുടെ ഭാര്യമാർ...



എന്റെ ബ്ലോഗിലെ കുറിപ്പുകൾ കണ്ടിട്ടാണ് അയാൾ എന്റെ സുഹൃത്തായത്. പേര് ഇവിടെ പറയുന്നില്ല. അഭിപ്രായങ്ങളും മറുപടികളും പിന്നെ ചാറ്റിംഗുമൊക്കെയായി അദ്ദേഹത്തെ കൂടുതൽ പരിചയപ്പെട്ടു. കുഴപ്പക്കാരനല്ല എന്ന് തോന്നിയതിനാലും ഒരേ നാട്ടുകാരനായതിനാലും ഫോൺ നമ്പർ കൊടുത്തു

കേരളത്തിൽ അറിയപ്പെടുന്ന ഒരു കമ്പനിയുടെ ഏതോ ഉയർന്നസ്ഥാനം വഹിയ്ക്കുന്ന വ്യക്തി. സംസാരത്തിൽ വളരെ മാന്യത ഉണ്ടായിരുന്നു. വിവാഹിതനായ അദ്ദേഹത്തിന്റെ വേലിചാട്ടങ്ങളെ കുറിച്ചൊക്കെ അയാൾ  മാന്യമായ ഭാഷയിൽ തന്നെ  സംസാരിയ്ക്കുമായിരുന്നു. ഞാൻ വെറുമൊരു കേൾവിക്കാരിയായി മാറി. മനസിൽ ചിന്തിയ്ക്കുകയും ചെയ്യും ഭാര്യയുള്ള ആളുകൾക്ക് എങ്ങിനെ ഇങ്ങിനെ മറ്റ് സ്ത്രീകളുടെ പിന്നാലെ പോകുവാൻ സാധിയ്ക്കുന്നു; ഭാര്യയോട് ഒരു വിധത്തിലുമുള്ള ആത്മാർത്ഥത ഇവർക്കില്ലേ എന്ന്... 

യാത്രകൾ ഒരുപാടിഷ്ടപ്പെടുന്ന അയാൾ പോയ സ്ഥലങ്ങളെ കുറിച്ചും മറ്റും വാ തോരാതെ സംസാരിയ്ക്കുമായിരുന്നു. കൂടാതെ ഞാൻ രജിസ്റ്റർ ചെയ്തിട്ടുള്ള ചാരിറ്റബിൾ ട്രസ്റ്റിന്റെ വളർച്ചയെ കുറിച്ചും സംസാരിയ്ക്കുമായിരുന്നു. അതല്ലാതെ മറ്റൊരു ദുരുദ്ദേശ്യമോ ഉദ്ദേശ്യമോ എനിയ്ക്കാ സൗഹൃദത്തിൽ ഉണ്ടായിരുന്നില്ല. ഒരു ദിവസം അയാൾ എന്നെ വിളിച്ചത് അയാളുടെ ഭാര്യയുടെ ഫോണിൽ നിന്നുമായിരുന്നു.

ഏതോ നാട്ടിലേയ്ക്ക് നടത്തിയ യാത്രയെ കുറിച്ചും അവിടത്തെ കാഴ്ചകളെ കുറിച്ചുമൊക്കെ ഏറെ നേരം അയാൾ സംസാരിച്ചു. അത് രാവിലെ ആയിരുന്നു. വൈകിട്ട് നമ്പറിൽ നിന്നും ഇടവിടാതെ കാൾ. ഞാൻ ടി.വി.യിൽ ഒരു സിനിമ കാണുന്ന തിരക്കിലായിരുന്നു. മാത്രമല്ല രാത്രി ഒൻപത് മണിയ്ക്ക് ശേഷം വരുന്ന സുഹൃത്തുക്കളുടെ കാളുകൾ ഞാൻ എടുക്കാറില്ല. പ്രത്യേകിച്ചും കാണാത്ത സുഹൃത്തുക്കളുടെ

ഇടവിടാതെയുള്ള കാൾ ശല്യമായപ്പോൾ മെസേജ് വിട്ടു. ഞാൻ സിനിമ കാണുകയാ, നാളെ സംസാരിയ്ക്കാം എന്ന്. ഉടൻ മെസേജ് വന്നു  
'ഞാൻ ----- ആണ്. അത്യാവശ്യമായി ഒരുകാര്യം സംസാരിയ്ക്കാനുണ്ട്, ഫോൺ എടുക്കൂ' എന്ന്. എന്താണാവോ അത്യാവശ്യം എന്ന് കരുതി പിന്നെ വന്ന കാൾ ഞാനെടുത്തു

ഒരു പെൺശബ്ദമായിരുന്നു. എന്നോട് ആരാണെന്ന് ചോദിച്ചു. -----ന്റെ സുഹൃത്താണെന്ന് മറുപടി പറഞ്ഞു. -----ന്റെ ഭാര്യയല്ലേ എന്ന് ചോദിയ്ക്കുകയും ചെയ്തു. പക്ഷേ കക്ഷി ഭയങ്കര ചൂടിലായിരുന്നു. അവരുടെ ഭർത്താവിനെ വളച്ചെടുക്കാൻ നടക്കുന്ന ഭീകരയായിട്ടാണ് അവർ എന്നെ കണക്കിലാക്കിയത്!! ഇവിടെ എഴുതാൻ പറ്റാത്ത കുറേ വാക്കുകൾ!!



ചില പെൺകുട്ടികൾ സംസാരിയ്ക്കുന്ന വൃത്തികെട്ട രീതിയെ കുറിച്ച് ബ്ലോഗ്  
എഴുതുകയും കുറച്ചുനേരം കൂടി 'ഞാൻ അവിടെ പിന്നെയും നിന്നിരുന്നെങ്കിൽ  
അടിയ്ക്കുമായിരുന്നുഎന്നൊക്കെ ഇപ്പറഞ്ഞ സുഹൃത്ത് തന്റെ കുറിപ്പിൽ എഴുതി കണ്ടിട്ടുണ്ട്. പക്ഷേ വർഷങ്ങളായി കൂടെ താമസിയ്ക്കുന്ന 
സ്വന്തം ഭാര്യയുടെ  വായിൽ നിന്നും വരുന്ന വായ്ത്താരി അദ്ദേഹം 
 കേട്ടിരുന്നെങ്കിൽ... എന്ത് പറയുമായിരുന്നു!!! 

 

അറിയപ്പെടുന്ന ഒരു കമ്പനിയുടെ സി.ഇ.ഒ.യുടെ ഭാര്യയിൽ നിന്നും എങ്ങിനെ ഇത്തരം നാലാംകിടയേക്കാൾ തരം താഴ്ന്ന വാക്കുകൾ വരുന്നു എന്ന് അതിശയിച്ചു പോയി ഞാൻ!!  അതും യാതൊരു അടിസ്ഥാനവുമില്ലാതെ,
യാതൊരു മുൻപരിചയവുമില്ലാത്ത ഒരു അന്യസ്ത്രീയോട്!!അതിലും മാന്യത ചെറ്റക്കുടിലുകളിൽ താമസിയ്ക്കുന്ന സ്ത്രീകൾക്ക് ഉണ്ടായിരിക്കും. അല്ലെങ്കിലും മാന്യത ജന്മസിദ്ധമായി ലഭിയ്ക്കേണ്ടതാണല്ലോ.. അതിന് ചെറ്റക്കുടിലെന്നോ കൊട്ടാരമെന്നോ വകഭേദമില്ല.

എന്തോ ഞാൻ മാലാഖയായി പോയി എന്ന് തോന്നുന്നു. തിരിച്ച് ദ്വേഷ്യപ്പെടാൻ തോന്നിയില്ല. അപഥസഞ്ചാരം നടത്തുന്നു എന്ന് ഭാര്യ അറിയുന്ന ഏതൊരു പുരുഷന്റെയും ഭാര്യയ്ക്കുണ്ടാകുന്ന വികാരപ്രകടനവും അരക്ഷിതബോധവുമായിട്ടേ എനിയ്ക്കത് തോന്നിയുള്ളൂ...  'നിങ്ങളെ പോലെ 
തരം താഴുവാൻ എനിയ്ക്ക് സാധിയ്ക്കില്ലഎനിയ്ക്ക് നിങ്ങളോട് ശരിയ്ക്കും  
സഹതാപം തോന്നുന്നു ...' എന്നു മാത്രം പറഞ്ഞു ഞാൻ.


സ്ത്രീയോട് വല്ലാത്ത സഹതാപം തോന്നി. ഇപ്പോഴും തോന്നുന്നു. ഇനി തോന്നുകയും ചെയ്യും.. ഭാര്യമാരെ വഞ്ചിയ്ക്കുന്ന എല്ലാ പുരുഷന്മാരുടേയും സ്ത്രീകളോട് സഹതാപം മാത്രമല്ലേ തോന്നുക... 

ഇത്തരത്തിൽ ഭാര്യയെ വഞ്ചിയ്ക്കുന്ന പുരുഷന്റെ ജീവിതപങ്കാളിയായി അരക്ഷിതബോധത്തോടെ ജീവിയ്ക്കുന്നതിലും നല്ലത് അവിവാഹിതയായി തുടരുന്നതുതന്നെയാണ് എന്ന് തോന്നിപ്പോകുന്നു ഇത്തരം അനുഭവങ്ങൾ കാണുകയും കേൾക്കുകയും ചെയ്യുമ്പോൾ...

വാൽക്കഷ്ണം: ഈ കുറിപ്പിൽ പ്രതിപാദിച്ചിട്ടുള്ള എന്റെ സുഹൃത്ത് ഇത് വായിയ്ക്കുമ്പോൾ ക്ഷമിയ്ക്കുക.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ