പേജുകള്‍‌

2013, മാർച്ച് 15, വെള്ളിയാഴ്‌ച

കുടജാദ്രി തീർത്ഥയാത്ര - ഭാഗം 1

നല്ല സുഹൃത്തുക്കൾ ഒരു അനുഗ്രഹമാണ്. അതും നിബന്ധനകളില്ലാത്ത സൗഹൃദങ്ങളാകുമ്പോൾ അതിന് മാധുര്യം കൂടും ആത്മാർത്ഥതയും. ഒരുപാട് സുഹൃത്തുക്കൾ എനിയ്ക്കിപ്പോൾ ഇല്ല. കൈവിരലിൽ എണ്ണാവുന്നത്ര വളരെ കുറവ്. അവരോട് എനിയ്ക്ക് അവരുടെ വ്യക്തിഗത വിഷയങ്ങൾ സംസാരിക്കാം, കൂട്ടുകാരികളെക്കുറിച്ച് സംസാരിയ്ക്കാം, കൂട്ടുകാരന്മാരെ കുറിച്ച് സംസാരിയ്ക്കാം.. അങ്ങിനെയങ്ങിനെ... നിബന്ധനകളൊന്നുമില്യാത്ത സൗഹൃദം. എന്റെ സ്ത്രീ ശരീരം കാണാത്ത, എന്നിലെ മനുഷ്യനെ  മനസിലാക്കുകയും പരിഗണിയ്ക്കുകയും ചെയ്യുന്ന സുഹൃത്തുക്കൾ.., വജ്രങ്ങൾ പോലെ

മനസ് ലൗകിക ലോകത്തെ കാപട്യങ്ങളിൽ പെട്ട് വളരെയധികം കലുഷിതമായപ്പോൾ ഒരു യാത്ര വളരെയധികം ആഗ്രഹിച്ചു. അതൊരു തീർത്ഥാടനം ആകട്ടെ എന്ന് സുഹൃത്തുക്കളിൽ ഒരാൾ നിർദ്ദേശിച്ചു, കുടജാദ്രിയിലേയ്ക്കും കൊല്ലൂർക്കും ഒരു നീണ്ട യാത്ര. എങ്കിൽ അങ്ങിനെ എന്ന് ഞാനും കൂട്ടു നിന്നു. ഫെബ്രുവരി 28 - ന് ഞങ്ങൾ യാത്ര തിരിച്ചു. ഞാനും എന്റെ സുഹൃത്ത് സൂരജും. മംഗലാപുരത്തേയ്ക്കുള്ള ട്രെയിനിൽ ബൈന്ദുർ - മൂകാംബിക റോഡിൽ ഇറങ്ങാം എന്ന ധാരണയിൽ ഞങ്ങൾ യാത്ര പുറപ്പെട്ടു.


മാർച്ച് ഒന്നാം തിയതി രാവിലെ ബൈന്ദുർ - മൂകാംബിക റോഡിൽ ഞങ്ങൾ വണ്ടിയിറങ്ങി. അവിടെ നിന്ന് സ്വകാര്യ വാഹനത്തിൽ കൊല്ലൂരിലേയ്ക്ക്. റെയിൽ_വേ സ്റ്റേഷനിൽ നിന്നും കണ്ടുമുട്ടിയ മറ്റ് ചില യാത്രക്കാർ ഉണ്ടായിരുന്നതുകൊണ്ട് സ്വകാര്യവാഹന ചിലവ് ഗണ്യമായി കുറയുവാൻ ഉപകരിച്ചു. ഉച്ചയോടുകൂടി കൊല്ലൂരിലെത്തിയ ഞങ്ങൾക്ക് താമസിയ്ക്കുവാൻ അമ്പലം വക ഗസ്റ്റ് ഹൗസിൽ മുറി ലഭിച്ചു. വളരെ തുച്ഛമായ നിരക്കിൽ വൃത്തിയും വെടിപ്പും സൗകര്യങ്ങളുമുള്ള വിശാലമായ മുറി. നന്നായൊന്ന് കുളിച്ച് നീണ്ട യാത്രയുടെ ക്ഷീണം മാറ്റി. വൈകുന്നേരമായപ്പോൾ അമ്പലം ലക്ഷ്യമാക്കി യാത്ര

അന്നെന്തോ പ്രത്യേകതയുണ്ടായിരുന്നു. ആമ്മയെ പുറത്തെഴുന്നള്ളിയ്ക്കുന്ന ദിവസമായിരുന്നു അന്ന്. അമ്പലത്തിലേയ്ക്ക് പോകുന്ന വഴി തന്നെ ഞങ്ങൾ അമ്മയെ കണ്ടു. ആനയുടെ അകമ്പടിയോടെ ഭക്തരെ അനുഗ്രഹിയ്ക്കുവാൻ പല്ലക്കിൽ എഴുന്നള്ളിയിരിക്കുന്ന ദേവി.

ആദ്യം പോയത് സൗപർണ്ണികാനദിയുടെ മടിത്തട്ടിലേയ്ക്കായിരുന്നു. മീന്നൂട്ട് നടത്തുന്നവരും കുളിച്ച് ശുദ്ധിവരുത്തുന്നവരുമൊക്കെയായി ഏതാനും ചിലർ അവിടെയുണ്ടായിരുന്നു. അവിടെ നിന്ന് കുറച്ചു ഫോട്ടോകളെടുത്ത് അമ്പലത്തിലേയ്ക്ക്.മനസിൽ ഒരുപാട് സങ്കടങ്ങളോടെയാണ് അമ്മയെ കാണുവാൻ പോയത്. എന്തൊക്കെയോ ചോദിയ്ക്കുവാനും എന്തൊക്കെയോ പറയുവാനും മനസിലുറച്ച് പോയെങ്കിലും അമ്മയെ കണ്ടപ്പോൾ എല്ലാം മറന്നു പോയി... പതിവില്ലാതെ ആയുധധാരിയായിരിക്കുന്ന മൂകാംബികാദേവി. അവിടത്തെ തന്ത്രികളിലൊരാൾ മറ്റൊരാളോട് പറയുന്നത് കേട്ടപ്പോഴാണ് ആയുധധാരിയായ അമ്മ പതിവില്ലാത്ത ഒന്നാണെന്ന് മനസിലായത്. വലതുവശം ഖഡ്ഗവും ഇടതുവശം കഠാരയും. രണ്ടു വർഷം മുൻപ് വന്നപ്പോൾ കണ്ട ദേവീരൂപം എന്താണെന്ന് പോലും ഓർമ്മ വരാതെ ഇക്കഴിഞ്ഞ കാലങ്ങളിലെല്ലാം സങ്കടപ്പെട്ടിരുന്നു. (അന്നത്തെ മാനസികാവസ്ഥ ഇതിനേക്കാൾ മോശമായിരുന്നു. അതുകൊണ്ടു തന്നെ ഏതോ ഒരു ഒഴുക്കിലുള്ള യാത്രയായിരുന്നു അന്ന്. കണ്ടതൊന്നും മനസിൽ തങ്ങി നിൽക്കാതെ മനസെവിടെയോ...) കഴിഞ്ഞ അനുഭവം ആവർത്തിയ്ക്കരുതെന്ന ചിന്തയിൽ കൺ നിറയെ കണ്ടു. അമ്മ മൂകാംബികയെ. ആയുധധാരിയായി ധൈര്യം പകർന്നുകൊണ്ട് അമ്മയുടെ സാന്നിധ്യം... പറയുവാനും ചോദിയ്ക്കുവാനും മനസിൽ കരുതി വച്ചതെല്ലാം മറന്നുപോയതു പോലെ. എങ്ങു നിന്നറിയാതെ മനസ് നിറയെ അവാച്യമായ ഒരു നിറവ്. ലഭിയ്ക്കാത്തതിനെ കുറിച്ചുള്ള യാതൊരു ആവലാതികളുമില്ലാതെ, സംഭവിച്ച ദുരനുഭവങ്ങളിലൊന്നും വേവലാതികളില്ലാതെ മനസിൽ എങ്ങുനിന്നോ നിറഞ്ഞു വന്ന സംതൃപ്തി. മനസിൽ ഗായത്രീമന്ത്രം മാത്രം. എന്തിനോ കണ്ണ് നിറഞ്ഞു...  പക്ഷേ തുളുമ്പിത്തൂവാതെ അത് കണ്ണുകളിൽ തന്നെ വറ്റി... “ആരെല്ലാം കൈവെടിഞ്ഞാലും   നിനക്ക് ഞാനുണ്ട് എന്നും..” എന്ന് അമ്മ പറയുന്നതുപോലെ.. പറയുവാനും ചോദിയ്ക്കുവാനും ഒന്നുമില്ലാതെ ഗായത്രീമന്ത്രത്തിന്റെ നിറവിൽ അമ്മ മൂകാംബികയെ കണ്ണു നിറയെ കണ്ടു.  സ്വന്തം പേരിലും പ്രിയപ്പെട്ട മറ്റൊരാളുടെ പേരിലും കുങ്കുമാർച്ചനയും പുഷ്പാഞ്ജലിയും നടത്തി മനസ് നിറയെ ഭക്തിയുടെ ലഹരിയുമായി വീണ്ടും റൂമിലേയ്ക്ക്. പോരുന്ന വഴി കടക്കാരിലൊരാൾ പറഞ്ഞുഅന്നദാനമുണ്ട്. ചെന്ന് നോക്കൂ ഭാഗ്യമുണ്ടെങ്കിൽ ലഭിയ്ക്കും.” നേരെ അന്നമൂട്ട് പുരയിലേയ്ക്ക്. ഭാഗ്യമുണ്ടായിരുന്നു. ഭക്ഷണം കഴിയ്ക്കുന്ന അനേകരിൽ ഒരാളാകുവാൻ സാധിച്ചു. പക്ഷേ തൃപ്തിയായില്ല. ഇനിയും വേണമെന്ന തോന്നൽ. കൂടെയുണ്ടായിരുന്ന കൂട്ടുകാരന് വയറു പോലും നിറഞ്ഞില്ല!! എങ്കിലും കിട്ടിയതായല്ലോ എന്ന് കരുതി പോന്നു. വീണ്ടും ചോദ്യം പാടില്ല. പിറ്റേന്ന് ആദ്യ പൂജ തന്നെ ദർശിച്ച് കുടജാദ്രി മല കയറാം എന്ന തീരുമാനത്തിൽ ഉറങ്ങി. അതിരാവിലെ എഴുന്നേറ്റ് ദേഹശുദ്ധി വരുത്തി അമ്പലത്തിലേയ്ക്ക്. ആയുധധാരിയായല്ലാതെ സൗമ്യഭാവത്തിൽ അമ്മ മൂകാംബിക.
കണ്ണുനിറയെ, മനസു നിറയെ കണ്ടു.  


രാവിലെ 10 മണിയോടെ കുടജാദ്രി മല കയറുവാൻ തീരുമാനിച്ചു. സാധാരണ മലയുടെ അടിവാരം വരെ ബസ് പോകും. പക്ഷേ റോഡ് പണി നടക്കുന്നതുകൊണ്ട് വാഹനമില്ല. മെയ് മാസം വരെ. ജീപ്പെടുത്ത് പോകാനായാലും വണ്ടി പോകില്ല. എന്തായാലും മുന്നോട്ട് വച്ച കാൽ പിന്നോട്ടില്ല തീരുമാനത്തിൽ നടക്കുവാൻ തന്നെ തീരുമാനിച്ചു. 13 കിലോമീറ്റർ റോഡിലൂടെ നടന്നാൽ കുടജാദ്രി മലയുടെ അടിവാരത്തിലെത്തും. അവിടെ നിന്ന് 14 കിലോമീറ്റർ മലകയറിയാൽ കുടജാദ്രി എത്തും. എന്തു ചെയ്യണം എന്ന കൂട്ടുകാരന്റെ ചോദ്യത്തിന് നടക്കാം എന്ന് മറുപടി. ലക്ഷ്യം കുടജാദ്രിയാകുമ്പോൾ മാർഗ്ഗം നിസ്സാരമാണെന്ന മനസിന്റെ ധൈര്യം. കുറച്ചു ദൂരം നടന്നപ്പോൾ നല്ല പഴുത്തു തുടുത്ത കശുമാങ്ങകൾ നിൽക്കുന്നു അവിടത്തുകാരുടെ തൊടിയിൽ. മനസിൽ കൊതി മൂത്തു. കുറച്ചു കഴിയുമ്പോൾ തൊടിയിലല്ലാതെ വഴിയരികിൽ കാണും അന്നേരം പറിച്ചു കഴിയ്ക്കാം എന്ന ധാരണയിൽ മുന്നോട്ട്. പക്ഷേ കുറച്ചു പോയപ്പോൾ കശുമാങ്ങ പോയിട്ട് കശുമാവ് പോലും കാണാനില്ലാതായി. വഴിയിലൊരിടത്തിരുന്ന് കയ്യിൽ കരുതിയിരുന്ന ചായ പകർന്ന് കുടിച്ചു. വീണ്ടും നടക്കാൻ തുടങ്ങിയപ്പോൾ ഒരു ട്രക്ക് വരുന്നതുകണ്ടു. റോഡ് പണിയ്ക്കുള്ള വെള്ളമെത്തിയ്ക്കുന്ന വണ്ടിയാണ്. കൈ കാണിച്ചു. അവർക്കിത് സ്ഥിരം അനുഭവമായതുകൊണ്ട് നിർത്തി തന്നു. ഭാഗ്യം. വണ്ടിയിലിരിക്കുമ്പോൾ രണ്ടു പേർ നടന്നു പോകുന്നത് കണ്ടു. ഞങ്ങളെ പോലെ തന്നെ കുടജാദ്രി നടന്നു കയറാൻ പോകുന്ന മറ്റാരോ... ട്രക്ക് ഡ്രൈവർ പണി നടക്കുന്ന റോഡിന്റെ ഇപ്പുറം വരെ കൊണ്ടു ചെന്നിറക്കി. അപ്പുറത്തേയ്ക്ക് പോയാൽ വാട്ടർ ടാങ്കർ കിട്ടും അതിൽ അടിവാരം വരെ എത്താം എന്ന് ട്രക്ക് ഡ്രൈവർ നിർദ്ദേശിച്ചിരുന്നു. റോഡിന്റെ അപ്പുറത്തേയ്ക്ക് വീണ്ടും നടപ്പ് തുടങ്ങി. കുറച്ചങ്ങു നീങ്ങിയപ്പോൾ വഴിയരികിൽ നിറയെ അപ്പൂപ്പൻ താടികൾ.. മനസിലെ കുട്ടി ഉണർന്നു. കൈ നിറയെ വാരി ബാഗിൽ നിറച്ചു. വീണ്ടും മുന്നോട്ട്. പറഞ്ഞ വാട്ടർ ടാങ്കർ ഇതുവരെയും കണ്ടില്ല. പ്രകൃതിദത്തമായ വെള്ളം കിനിഞ്ഞിറങ്ങുന്ന വ്യാഘ്രതീർത്ഥത്തിൽ നിന്നും കൈവശമുള്ള കുപ്പികളിൽ നിറച്ചു. കുറേ കുടിച്ചു. എന്തൊരാശ്വാസം, എന്തൊരു ഉന്മേഷം... പ്രകൃതിദത്തമായ ജലം എന്തൊരു ഉന്മേഷദായകമാണ്!! വീണ്ടും നടപ്പ് തുടങ്ങി.ദൂരെ നിന്നും എന്തോ ഒരു ശബ്ദം. ഏതോ ഒരു വണ്ടി വരുന്നുണ്ട്. തിരിഞ്ഞു നോക്കി, അകലെ നിന്നും ഒരു കോൺക്രീറ്റ് മിക്സ്ചർ വണ്ടി വരുന്നു. അജാനുബാഹുവായ ഒരു വണ്ടി. കൈകാട്ടട്ടെടാ എന്ന എന്റെ ചോദ്യത്തിന് വേണ്ട എന്ന് മറുപടി. അത് വക വെയ്ക്കാതെ ഞാൻ കൈകാണിച്ചു. ട്രക്കറിൽ വരുമ്പോൾ കണ്ട രണ്ടു പേർ വണ്ടിയിലിരിപ്പുണ്ട്. വണ്ടി നിർത്തി. എങ്ങിനെ കയറും എന്നത് ഒരു ചോദ്യചിഹ്നമായി എന്റെ മുന്നിൽ. വളരെയധികം പൊക്കമുള്ളതുകൊണ്ട് ചവിട്ടുപടിയിൽ കാലെത്തുകയില്ല!!! എങ്കിലും തോറ്റ് പിന്മാറാൻ തയ്യാറല്ല. ഒന്നും അസാധ്യമല്ല എന്ന് വാക്കുകൾ മനസിൽ ആവേശം പകർന്നു. കൂട്ടുകാരനോട് ആദ്യം കയറാൻ നിർദ്ദേശിച്ചു. പിന്നീട് ഒരു കൈ സഹായം തരുവാനും. അവൻ നിഷ്പ്രയാസം ചാടിക്കയറി. രണ്ടും കൽപ്പിച്ച് ഞാനും വലിഞ്ഞു കയറി. കയറൽ വലിഞ്ഞു കയറ്റമായതിനാൽ വണ്ടിയിലെ പൊടി മുഴുവൻ എന്റെ വസ്ത്രത്തിലും ദേഹത്തും കൈകളിലും എല്ലാം...!!! കയറി കഴിഞ്ഞപ്പോൾ ആവേശം കൊണ്ട് കണ്ണു തള്ളുക എന്ന അവസ്ഥയിൽ. ചെറുപ്പം മുതലേയുള്ള ഒരു സ്വപ്നസാക്ഷാത്ക്കാരമാണ് ഇപ്പോൾ നടന്നത്. ലോറിയിൽ കയറണം എന്ന സ്വപ്നം. എങ്ങിനെ അതിൽ പൊക്കവും വെച്ച് കയറും എന്ന് ഒരുപാട് തവണ ആലോചിച്ച് തലപുകച്ചിട്ടുണ്ടെങ്കിലും ഞാനതിൽ കയറി എന്ന സത്യം വിശ്വസിയ്ക്കുവാൻ ഏതാനും സമയത്തേയ്ക്ക് സാധിച്ചില്ല!! ദൈവമേ... ഒരുപാട് കാലമായി മനസിൽ കൊണ്ടു നടക്കുന്ന ഒരു സ്വപ്നത്തിന് അവസാനം. വൈകിയാണെങ്കിലും എനിയ്ക്കതിനു സാധിച്ചു. ഇനി അങ്ങിനെ ഒരു ആഗ്രഹമില്ല... പിന്നീടുള്ള ചിന്ത എങ്ങിനെ വണ്ടിയിൽ നിന്നും ഇറങ്ങും എന്നതായിരുന്നു!! ഇത്രയും ഉയരത്തിൽ നിന്നും ചാടിയാൽ എന്റെ കുഞ്ഞിക്കാൽ ഒടിയും എന്നത് നൂറുതരം. പിന്നെ എങ്ങിനെ...? അടിവാരത്തിൽ വണ്ടി നിർത്തി. കൂട്ടുകാരൻ ധൈര്യം പകർന്നു. അവൻ ആദ്യം ഇറങ്ങി കൈ തന്നു. കൈകളുടെ ബലത്തിൽ വിശ്വസിച്ച് ചാടിയിറങ്ങി. ഒരു കുഴപ്പവും ഉണ്ടായില്ല. !!!

അങ്ങിനെ മോഹവും സാധിച്ചു. ഈശ്വരാ നന്ദി. ഇനിയുള്ളത് കുതിരപ്പുറത്തും ഒട്ടകപ്പുറത്തും കയറുക എന്നതാണ്. കടലിലെ സ്പീഡ് ബോട്ടിംഗും ഒരു മോഹമാണ്. താമസിയാതെ അതെല്ലാം സാധിയ്ക്കും എന്ന് മനസ് പറഞ്ഞു. കേൾക്കുന്നവർക്ക് നിസ്സാരമെന്ന് തോന്നുമെങ്കിലും എന്റെ മനസിൽ അവയൊക്കെ വളരെ വലിയ മോഹങ്ങളാണ്. കൊച്ചു കൊച്ചു സന്തോഷങ്ങളിൽ വളരെയേറെ ആഹ്ലാദിയ്ക്കുന്ന ആളായതിനാൽ ഇതെല്ലാം പറഞ്ഞറിയിക്കാനാവാത്ത സന്തോഷമാണ് എന്നിൽ നിറയ്ക്കുക.  എന്റെ മനസിലും ജീവിതത്തിലും ഇത്തരം കൊച്ചു കൊച്ചു മോഹങ്ങളും പ്രതീക്ഷകളും മാത്രമേയുള്ളൂ.. വലിയ മോഹങ്ങളും പ്രതീക്ഷകളും ഒന്നും മനസിലോ ജീവിതത്തിലോ ഇല്ല.  ആരും അതൊന്നും അറിഞ്ഞിരുന്നില്ല. ഏറെ സ്നേഹിയ്ക്കുന്നു എന്ന് കരുതിയിരുന്നവർ പോലും.  സ്വപ്നസാക്ഷാത്ക്കാരത്തിനു കൂട്ടാവാൻ കൂടെയുണ്ടായത് നല്ലയൊരു സുഹൃത്ത് മാത്രം... അവനോട് കാര്യം പറഞ്ഞപ്പോൾ അവന്റെ വക ഡയലോഗ്.. “അതാണ്. നമ്മുടെ കൂടെ വന്നാൽ സ്വപ്ന സാക്ഷാത്ക്കാരങ്ങളൊക്കെ നടക്കും. നോം എല്ലാം നിവൃത്തിച്ചു തരാം കേട്ടോ...”  അടിയൻ” എന്ന് മറുപടി നൽകി വീണ്ടും നടപ്പ് തുടർന്നു.കുടജാദ്രി മല കയറ്റം. 12.15 ന് നട്ടപ്പുറ വെയിലത്ത് മലകയറുവാൻ ആരംഭിച്ചു. കോൺക്രീറ്റ് മിക്സ്ചർ വണ്ടിയിൽ ഉണ്ടായിരുന്നവർ മലയാളികളായിരുന്നു. തൃശ്ശൂർക്കാർ.. സുമേഷും ബിബോയും. അവരോടൊപ്പം നടപ്പാരംഭിച്ചു. അവർക്ക് നല്ല വേഗതയുണ്ടായിരുന്നു. സുമേഷ് ഇതിനു മുൻപും കുടജാദ്രി മല കയറിയിട്ടുള്ള ആളാണ്.  അവരോട് മുൻപേ നടന്നോളൂ എന്ന് പറഞ്ഞ് ഞങ്ങൾ പതുക്കെ നടന്നു. അവരോട് ഒറ്റ ആവശ്യമേയുണ്ടായിരുന്നുള്ളൂ.. മലയുടെ മധ്യഭാഗത്തുള്ള ഹോട്ടൽ സന്തോഷിൽ എത്തുമ്പോൾ ഇങ്ങിനെ രണ്ടു പേർ നടന്ന് വരുന്നുണ്ട് അവർക്ക് ഭക്ഷണം കരുതണേ എന്ന് അറിയിക്കാൻ. നടന്നും ഇരുന്നും ചായ കുടിച്ചും ഫോട്ടോയെടുത്തും സാവകാശം യാത്ര. ഒന്നേമുക്കാലോടെ ഹോട്ടൽ സന്തോഷിൽ എത്തിച്ചേർന്നു. നല്ല വിശപ്പുണ്ടായിരുന്നു. യാത്രയുടെ തുടക്കത്തിൽ പുട്ട് പൊതിഞ്ഞു വാങ്ങാം എന്ന കൂട്ടുകാരന്റെ നിർദ്ദേശത്തിനു, അതു വേണ്ട അവിടെ എത്തുമ്പോഴേയ്ക്കും പുട്ട് വടി പോലെയാകും കഴിയ്ക്കാൻ രുചിയുണ്ടാകില്ല എന്ന് പറഞ്ഞ് പദ്ധതി ഉപേക്ഷിച്ച ഞങ്ങൾക്ക് ഹോട്ടൽ സന്തോഷിൽ നിന്നും ലഭിച്ചത് പട്ടിയെ എറിയാൻ പാകത്തിനു ബലമുള്ള പുട്ടും കടലക്കറിയും. പക്ഷേ അതിനെന്തു രുചിയായിരുന്നു!! ഏത് ഭക്ഷണത്തിനും രുചി നൽകുന്നത് വിശപ്പാണെന്ന സത്യം ഒന്നുകൂടി മനസിലുറപ്പിച്ചു. അതെങ്കിലും കിട്ടിയല്ലോ എന്ന ആശ്വാസം... അവിടെ സുമേഷും ബിബോയും കാത്തിരിപ്പുണ്ടായിരുന്നു.
                                                                                                                                         (തുടരും...)