പേജുകള്‍‌

2013, ജനുവരി 27, ഞായറാഴ്‌ച

സൗഹൃദമറവിലെ കഴുകക്കണ്ണുകളും കാൽപ്പനിക പ്രണയത്തിന്റെ വക്താക്കളും

കഴുകന്മാരാണ് ചുറ്റിലും...

അവിവാഹിത എന്ന തലക്കെട്ട് കഴുകക്കണ്ണുകളിൽ ആകർഷണമുളവാക്കുന്നു. സൗഹൃദം എന്ന മറവിൽ മറ്റ് ലക്ഷ്യങ്ങൾ ലാക്കാക്കി അവർ അടുക്കുന്നു.

വരുന്നവർക്കെല്ലാം പൊതുവായിട്ടുള്ള പ്രത്യേകത എന്തെന്നാൽ, അവരുടെയെല്ലാം ദാമ്പത്യജീവിതം പരാജയമാണെന്നതാണ്!! എങ്കിൽ അത്തരം ദാമ്പത്യബന്ധങ്ങളിൽ നിന്നും വിടുതൽ നേടി ആഗ്രഹിയ്ക്കുന്ന ജീവിതം സ്വന്തമാക്കൂ എന്ന് അഭിപ്രായപ്പെട്ടാൽ ആരും അതിനു തയ്യാറല്ല. ദുസ്സഹമായ ദാമ്പത്യജീവിതത്തിൽ നിന്നും ആശ്വാസം നേടുവാൻ അവർ സമീപിക്കുന്നു. പക്ഷേ നൽകുവാൻ അത്ര മാത്രം ആശ്വാസം എന്റെ പക്കലില്ലാത്തതുകൊണ്ട്, അവരൊന്നൊന്നായി എന്റെ സൗഹൃദശ്രേണികളിൽ നിന്നും കൊഴിഞ്ഞു പോകുന്നു; എന്നെന്നേയ്ക്കുമായി. ആശ്വാസം എനിയ്ക്ക്.

ഒറ്റയ്ക്കെന്തിനിങ്ങനെ ജീവിയ്ക്കുന്നു. ഉള്ള ജീവിതം ആസ്വദിച്ച് ജീവിച്ചുകൂടെ എന്നാണ് ചോദ്യം! തുറന്ന ലൈംഗികതയുടെ സുരക്ഷിതത്വവും അവർ നിർദ്ദേശിയ്ക്കുന്നു. ഇപ്പറയുന്നവരെല്ലാം സ്വന്തം കുടുംബമെന്ന സെയ്ഫ് സോണിൽ നിന്നുകൊണ്ടാണ് നിർദ്ദേശം നൽകുന്നത് എന്നതാണ് രസാവഹം. ദുസ്സഹമായ ദാമ്പത്യത്തിൽ നിന്ന് ആശ്വാസം തേടി ഉഴറുന്ന നിസ്സഹായർ!! സ്വന്തമായി പെൺസുഹൃത്തുക്കൾ ഉള്ളവരും കുറവല്ല. പെൺസുഹൃത്തിന്റെ ഹരാസ്മെന്റിൽ നിന്നും രക്ഷനേടുവാൻ ഒരു താൽക്കാലിക ആശ്വാസം! അതാണ് അവരുടെ ലക്ഷ്യം!! ദാമ്പത്യം ദുസ്സഹമാണെങ്കിലും അതിൽ നിന്നും താൽക്കാലിക രക്ഷയെ അവർക്ക് വേണ്ടൂ!! വിവാഹജീവിതത്തിലേയ്ക്ക് കടന്ന് മധുവിധു കാലം കഴിയുന്നതിനും മുൻപേ ആശ്വാസം തേടുന്നവരും ഇല്ലാതില്ല.
 
പുരുഷൻ എന്ന സങ്കൽപ്പത്തിന് വിലകുറയുന്നു ഇതെല്ലാം കാണുകയും കേൾക്കുകയും ചെയ്യുമ്പോൾ.. സ്വന്തം ഇണ അറിയാതെ എന്തും ചെയ്യാം എന്ന് കരുതുന്ന പുരുഷൻ വിശ്വാസയോഗ്യനല്ലാതായി തീരുന്നു. സ്വന്തം ഇണയോട് ആത്മാർത്ഥത കാണിയ്ക്കുവാൻ സാധിയ്ക്കാത്ത ഇത്തരം പുരുഷന്മാർ മറ്റാരോട് ആത്മാർത്ഥത കാണിയ്ക്കും?!  എല്ലാ പുരുഷന്മാരും ഇങ്ങിനെയോ എന്ന് ചിന്തിയ്ക്കുവാൻ പ്രേരിപ്പിക്കുന്നു ഇത്തരം പുരുഷന്മാർ.

പ്രണയിയ്ക്കുന്ന പെണ്ണിനോട് ആത്മാർത്ഥതയുണ്ടെങ്കിൽ, കെട്ടിയ പെണ്ണിനോട് ആത്മാർത്ഥതയുണ്ടെങ്കിൽ, കെട്ടാൻ പോകുന്ന പെണ്ണിനോട് ആത്മാർത്ഥതയുണെങ്കിൽ   എങ്ങിനെ പുരുഷന് മറ്റൊരുവളെ തേടി പോകുവാൻ സാധിയ്ക്കും? എങ്ങിനെ മറ്റൊരുവളെ പ്രാപിയ്ക്കുവാൻ സാധിയ്ക്കും?

പ്രണയിയ്ക്കുന്ന പെണ്ണിനോട് പ്രണയം എന്ന വികാരമോ അവളെ പെണ്ണായിത്തന്നെയോ, തോന്നിയിട്ടില്ല എന്ന് പറയുന്ന പുരുഷന്മാരും കുറവല്ല! പിന്നെ എങ്ങിനെ അവർക്ക് അവളെ പ്രണയിയ്ക്കുവാൻ കഴിയുന്നു? പിന്നെ എങ്ങിനെ അത്തരമൊരുവളെ ജീവിതത്തിലേയ്ക്ക് കൂട്ടുവാൻ സാധിയ്ക്കുന്നു? അതോ ഇപ്പറയുന്ന പ്രണയം സാഹചര്യങ്ങളുടെ സമ്മർദ്ദം മൂലമുള്ള കാട്ടിക്കൂട്ടലുകളോ..?

ഇതൊക്കെ കാണുമ്പോൾ പുരുഷന്മാരെ വിശ്വസിയ്ക്കുവാനേ പാടില്ല എന്ന നിലപാടിൽ ചെന്നെത്തുന്നു.

തന്റെ ഇണയോട് ആത്മാർത്ഥതയുള്ള പുരുഷന്മാരില്ല എന്നല്ല. അത്തരം പുരുഷന്മാരെയും സുഹൃത്തുക്കളായി ലഭിയ്ക്കുവാനുള്ള ഭാഗ്യം ഉണ്ടായിട്ടുണ്ട്. ഏത് പാതിരാത്രിയിലും ഭയലേശമന്യേ കൂടെ നടക്കാവുന്ന, സ്ത്രീ എന്ന കണ്ണുകളോടെ നോക്കാത്ത ഏതാനും ചില പുരുഷ സുഹൃത്തുക്കൾ. വിവാഹിതരും അവിവാഹിതരുമുണ്ട് അക്കൂട്ടത്തിൽ. വിവാഹിതരുടെ ഇണകളെല്ലാം അതുകൊണ്ടു തന്നെ സുഹൃദ്ശ്രൃംഖലയിൽ മാറ്റ് കൂട്ടുന്നു. അവർക്ക് തങ്ങളുടെ ഇണയിൽ നിന്നും മറച്ചു വെയ്ക്കേണ്ടത്ര രഹസ്യമല്ല ഈ സൗഹൃദം എന്നത് ആശ്വാസം നൽകുന്നു.

കാൽപ്പനിക പ്രണയത്തിന് ഇപ്പോൾ കാലിക പ്രാധാന്യമില്ല എങ്കിലും അതിന്റെ വക്താക്കൾ കുറ്റിയറ്റിട്ടില്ല എന്നത് ചില സുഹൃത്തുക്കളെങ്കിലും ബോധ്യപ്പെടുത്തി തരുന്നു. അവരിൽ പലരും പ്രണയം എന്ന പവിത്ര വികാരം ഒന്നുമല്ല എന്ന് തള്ളിപ്പറയുന്ന ഘട്ടത്തിൽ എത്തി നിൽക്കുന്നു എങ്കിലും!!

അവർ  കണ്ടെത്തുന്ന ഇണകൾ പ്രായോഗികവനിതകളും പുരുഷന്മാരും ആയതിനാൽ തങ്ങൾക്ക് 'വേണ്ടത്' ലഭ്യമാകാതാകുമ്പോൾ പ്രണയമുപേക്ഷിച്ച് തിരിച്ച് നടക്കുന്നു; വേണ്ടത് നൽകുവാൻ സാധിയ്ക്കുന്ന മറ്റൊരു ഇണയെ തേടി!! കാൽപ്പനിക പ്രണയത്തിന്റെ വക്താക്കൾ മനസ് കലങ്ങി അലഞ്ഞു നടക്കുന്നു!!! അത്തരക്കാരെല്ലാ '47 കളിൽ ജനിയ്ക്കേണ്ടവരായിരുന്നു എന്ന പരിഹാസം മാത്രം സ്വന്തമാക്കുന്നു.

ലോകവും ഈ ലോകത്തിലെ മനുഷ്യരും മാറിയത് അറിയാത്തവരാണ് അവർ. അതുകൊണ്ടു തന്നെ അവർ ജീവിതത്തിൽ പരാജയം ഏറ്റ് വാങ്ങുന്നു. ഏതോ സുഹൃത്തിന്റെ വാക്കുകൾ ഓർക്കുന്നു. 'ആത്മാർത്ഥതയെല്ലാം കെട്ടിപ്പൂട്ടി വെച്ച് ജീവിതക്കളരിയിൽ ഇറങ്ങണം. എങ്കിൽ മാത്രമേ വിജയിയ്ക്കൂ...' അത്തരം വിജയത്തിൽ എന്ത് നേട്ടം?

വിശ്വാസയോഗ്യരല്ലാത്തവർ പുരുഷന്മാർ മാത്രമല്ല. സ്ത്രീകളും ഒപ്പത്തിനൊപ്പം നിൽക്കുന്നു. അതുകൊണ്ടാണല്ലോ 'അഭിനവദേവദാസ്'മാരായി നടക്കുന്ന പുരുഷന്മാരെ കാണേണ്ടി വരുന്നത്!

കണ്ടുവരുന്ന മറ്റൊരു പ്രവണത, 'നമുക്ക് സുഹൃത്തുക്കളായിരിക്കാം. എന്റെ വിവാഹം കഴിയുന്നതുവരെയോ നിന്റെ വിവാഹം കഴിയുന്നതു വരെയോ നമുക്ക് എല്ലാം പങ്ക് വെയ്ക്കാം..' എന്നതാണ്. ഈ 'എല്ലാം' എന്നതിൽ എല്ലാം അടങ്ങിയിരിക്കുന്നു. ഒരു പരസ്പര ധാരണ! സ്വന്തം കുടുംബമാകുമ്പോൾ പിന്നെ ഇപ്പറയുന്ന സൗഹൃദമില്ല. മുഖത്തോടു മുഖം കണ്ടാൽ പോലും അറിയുകയില്ല!!

ഇവർ  താന്താങ്ങളുടെ കള്ളക്കളികൾക്ക് എന്തിന് 'സൗഹൃദം' എന്ന പവിത്രനാമം ഉപയോഗിയ്ക്കുന്നു എന്നാണ് മനസിലാകാത്തത്!! സൗഹൃദം എന്നത് എല്ലാ കള്ളക്കളികൾക്കുമുള്ള മറയാണ് എന്നാണോ? എങ്കിൽ സൗഹൃദം എന്നതിന്റെ യഥാർത്ഥ അർത്ഥത്തിന് വിലയില്ലെന്നോ?

ലോകം മാറിയത് അറിയാഞ്ഞത് സ്വന്തം തെറ്റായി പരിഗണിയ്ക്കുന്നു. അതോ മാറുന്ന ലോകത്തിനൊത്ത് മാറുവാൻ സാധിയ്ക്കാത്തതോ..?

സൗഹൃദം എന്ന മറ പിടിച്ചു വരുന്നവരുടെ മനസിലിരുപ്പ് എളുപ്പം മനസിലാക്കുവാൻ മിക്കവാറും സാധിയ്ക്കാറുണ്ട് എന്നതിനാൽ, പെട്ടന്ന് തന്നെ അത്തരം സൗഹൃദമറക്കാരെ ഒഴിവാക്കുവാൻ സാധിയ്ക്കുന്നുണ്ട്. അതുതന്നെ ഭാഗ്യമായി കരുതുന്നു. ഒരുപാട് സുഹൃത്തുക്കൾ ഇല്ല എങ്കിലും ഉള്ള സുഹൃത്തുക്കൾ വിശ്വാസയോഗ്യരാണ് എന്നത് ആശ്വാസം...

1 അഭിപ്രായം:

  1. സത്യങ്ങള്‍ മൂല്യത്തോടെ തുറന്നുപറഞ്ഞ സോദരീ...
    നേര്‍ന്നിടാം ഒരായിരം അഭിനന്ദനങ്ങള്‍ ...!

    മറുപടിഇല്ലാതാക്കൂ