പേജുകള്‍‌

2013, ജനുവരി 21, തിങ്കളാഴ്‌ച

സത്യങ്ങൾ

ചില സത്യങ്ങൾ അങ്ങിനെയാണ്.
വളരെ വേദനാജനകവും ക്രൂരവും.
തിരഞ്ഞെടുപ്പിന്റെ ഒരു അവസരം വന്നപ്പോൾ പറഞ്ഞ വാക്കുകൾ എല്ലാം അർത്ഥരഹിതവും നുണയുമായിരുന്നു എന്ന് തെളിയിച്ചുകൊണ്ട് സത്യം മറനീക്കി!
അതായിരുന്നു ആവശ്യം. മറനീക്കി പുറത്തുവരുന്ന സത്യം. വേദനാജനകവും ക്രൂരവുമായിരിക്കും അത് എന്നറിഞ്ഞിരുന്നാലും അത് അറിയാതെ വയ്യ!
അസംഭവ്യമായത് സംഭവിയ്ക്കും എന്ന പ്രതീക്ഷയ്ക്ക് വിരാമം. വിഡ്ഡിയാക്കപ്പെടലിന് വിരാമം.
എന്തായിരുന്നു ഉദ്ദേശ്യം, എന്തായിരുന്നു പദ്ധതി, എന്തായിരുന്നു ആവശ്യം എന്നത് മറനീക്കി വന്ന സത്യം വിളിച്ചു പറഞ്ഞു തരുന്നു.
കുറച്ച് വൈകിപ്പോയി. എങ്കിലും എല്ലാത്തിനും വ്യക്തതയായി.
നുണകളുടേയും അഭിനയങ്ങളുടേയും കാർമേഘങ്ങളും മൂടൽ മഞ്ഞും ഒഴിഞ്ഞപ്പോൾ തെളിഞ്ഞ ആകാശം. അത് ഒരുപാട് കാര്യങ്ങൾ വ്യക്തമാക്കി തരുന്നു. 
പുഞ്ചിരിക്കുന്ന മുഖത്തിനു പിന്നിലെ, ആത്മാർത്ഥത സ്ഫുരിയ്ക്കുന്ന വാക്കുകൾക്ക് പിന്നിലെ വ്യക്തതയും വ്യർത്ഥതയും... എല്ലാത്തിനും ഇവിടെ വിരാമം. 
ആശങ്കകളില്ല, ആശകളില്ല, പ്രതീക്ഷകളില്ല, ആകുലതകളില്ല, കുറ്റബോധമില്ല, തെറ്റിദ്ധാരണകളില്ല, വിഡ്ഡിയാക്കപ്പെടലുകളില്ല.
ശുഭം.
ഇതായിരുന്നു വേണ്ടത്. ഇതായിരുന്നു അറിയേണ്ടത്.
അറിഞ്ഞു. സത്യമേതെന്ന് മിഥ്യയേതെന്ന്.
ശരിയെന്ന് വിശ്വസിച്ച ചിന്തകളുടെ തിമിരം കണ്ണുകളെ മൂടിയെന്ന് ഒരു നിമിഷം തെറ്റിദ്ധരിച്ചു. തിമിരമല്ല, നേർക്കാഴ്ചയാണ് കണ്ണിനെ മൂടിയതെന്നും നിറഞ്ഞതെന്നും ഇപ്പോൾ വ്യക്തമാകുന്നു.
ആരായിരുന്നു എനിയ്ക്ക് എന്നത് കാലം തെളിയിക്കും എന്ന് കണ്ണീർ തൊട്ട് പറഞ്ഞ സത്യം നുണയായിരുന്നു എന്ന് തെളിഞ്ഞിരിക്കുന്നു.  ഞാൻ  ആരായിരുന്നു എന്നതാണ് കാലം തെളിയിച്ചു തന്നത്!!
ഇനിയെന്ത്?
കാത്തിരിപ്പിന് അവസാനം.
ഇനി പലായനം...
തീവ്രവേദനയോടെ, മനസിനേറ്റ ആഴത്തിലുള്ള മുറിവ് ഒരിയ്ക്കലും ഉണങ്ങില്ല എന്ന തിരിച്ചറിവോടെ...
കണ്ണുനീർ ആരുടെ ജീവിതത്തെയും പൊള്ളിയ്ക്കാതിരിക്കട്ടെ...

1 അഭിപ്രായം:

  1. വീണ്ടും എന്തൊക്കെയോ നിഗൂഡത..!
    സത്യമോ മിഥ്യയോ ..?
    എങ്കിലും കണ്ണുനീരിന്റെ നനവുള്ള രചനതന്നെ..!

    ആശ്വാസത്തിന്റെ
    അഭിനന്ദനത്തിന്റെ
    ഒരുപിടി
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ