പേജുകള്‍‌

2012, ഒക്‌ടോബർ 9, ചൊവ്വാഴ്ച

നക്ഷത്രങ്ങളെ സ്നേഹിച്ച പെൺകുട്ടി

 നക്ഷത്രങ്ങളെ അവൾക്ക് ഒരുപാടിഷ്ടമായിരുന്നു. എന്നും നക്ഷത്രങ്ങളെ
നോക്കിയിരിക്കുവാൻ അവൾ ആഗ്രഹിച്ചു. പൗർണ്ണമി ചന്ദ്രൻ ഉദിച്ചു
നിൽക്കുന്ന രാത്രികളെ അവൾ ഏറെ സ്നേഹിച്ചു. മുല്ലപ്പൂമൊട്ടുകൾ
വാരിവിതറിയതുപോലെ നക്ഷത്രങ്ങൾ നിറഞ്ഞ ആകാശം അവളിൽ
അവാച്യമായ അനുഭൂതിയുണർത്തി.

അവളെ നോക്കി കണ്ണിറുക്കുന്ന നക്ഷത്രങ്ങളോട് അവൾ രാവേറെ ചെല്ലുവോളം സംവദിച്ചു.
അവളുടെ സന്തോഷവും സങ്കടങ്ങളും അവൾ അവയുമായി പങ്കുവെച്ചു.
അവൾ കരയുമ്പോൾ അവരവളെ സാന്ത്വനിപ്പിച്ചു. അവൾ ചിരിയ്ക്കുമ്പോൾ
കൂടെ ചിരിച്ചു.

ഗ്രാമത്തിൽ വളർന്ന അവൾക്ക് നഗരത്തിലെ കെട്ടിടസമുച്ചയങ്ങൾക്കിടയിൽ
നക്ഷത്രങ്ങളെ കാണുവാൻ ഒരുപാട് ബുദ്ധിമുട്ടായിരുന്നു.  ശ്വാസം മുട്ടിയ്ക്കുന്ന
ഏകാന്തതയും തന്റെ പ്രിയ സുഹൃത്തുക്കളായ നക്ഷത്രങ്ങളെ കാണുവാൻ
സാധിയ്ക്കാത്ത സാഹചര്യവും അവളെ ഞെരുക്കിക്കൊണ്ടേയിരുന്നു.
നിറയെ നക്ഷത്രങ്ങളെ കാണുവാൻ സാധിയ്ക്കുന്ന ഒരു വീട് തനിയ്ക്ക് പാർക്കാൻ
 കിട്ടണേ എന്നവൾ എപ്പോഴും പ്രാർത്ഥിച്ചു.

ഒടുവിൽ, നക്ഷത്രങ്ങളെ കാണുവാൻ കഴിയാതെ വന്നപ്പോൾ
അവയ്ക്കൊപ്പം അവളും ഒരു നക്ഷത്രമായിത്തീർന്നു...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ